oommenchandy

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവർഷപ്പുലരിക്ക് ശേഷമുണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപൂർണമായ നിലപാടുമാണെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ ആണെന്ന് കുറ്റപ്പെടുത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവുണ്ടാക്കാനും പോയത് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയല്ല, മുഖ്യമന്ത്രിയും സർക്കാരുമാണെന്ന് പൊതു സമൂഹത്തിന് ബോദ്ധ്യമായതാണ്. മന്നത്ത് പത്മനാഭന്റെ കാലം മുതൽ സമുദായ സൗഹാർദ്ദത്തിനായി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവയ്ക്കാനുള്ള ഗൂഢതന്ത്രമാണ്. സമാധാന പൂർണമായി ഇത്രയുംകാലം നടന്ന ശബരിമല തീർത്ഥാടനം കലുഷിതമാക്കിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമാണ്. എതിർക്കുന്നവരെയെല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള സി.പി.എം തന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.