pp

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമവും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടി, സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടിയായി അക്രമ ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും സഹിതം വിശദ റിപ്പോർട്ട് സർക്കാർ ഗവർണർക്ക് സമർപ്പിക്കും. അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 98 ശതമാനം പ്രതികളും ബി.ജെ.പി- ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന പൊലീസ് റിപ്പോർട്ടാണ് ഇതിൽ പ്രധാനം.

സംസ്ഥാനത്ത് ഭരണപ്രതിസന്ധിയല്ല, കലാപം ലക്ഷ്യമിട്ടുള്ള ആസൂത്രിത അക്രമങ്ങളാണ് നടക്കുന്നതെന്ന് ഗവർണറെ അറിയിക്കാനാണ് സർക്കാർ ശ്രമം. അക്രമങ്ങൾക്കു പിന്നിലെ സംഘപരിവാർ സാന്നിദ്ധ്യം തെളിയിക്കുന്ന രേഖകൾ സഹിതമുള്ള റിപ്പോർട്ട് മറികടന്ന് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യാൻ ഗവർണർക്ക് ബുദ്ധിമുട്ടാകും.

സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്, ഗവർണർ പി. സദാശിവത്തോട് രണ്ടു ദിവസം മുമ്പാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഫോണിലൂടെ പ്രാഥമിക വിവരങ്ങൾ ഗവർണർ കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ രേഖാമൂലമുള്ള റിപ്പോർട്ട് നൽകും.

അക്രമങ്ങളുടെ പരമാവധി ചിത്രങ്ങൾ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നുണ്ടെന്നും, വീഡിയോ ദൃശ്യങ്ങളിലുള്ളതും റിപ്പോർട്ടിൽ ചേർക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ 'കേരളകൗമുദി'യോട് പറഞ്ഞു. പ്രതികളിൽ ഓരോരുത്തരുടെയും രാഷ്ട്രീയ പശ്ചാത്തലം റിപ്പോർട്ടിൽ വിശദീകരിക്കും. രേഖകളും ചിത്രങ്ങളും ശേഖരിക്കുന്നതുകൊണ്ടാണ് ഗവർണർക്ക് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നത്.

പൊലീസ് സ്വീകരിച്ച നടപടികൾ, അറസ്റ്റ് വിവരങ്ങൾ, കേസുകളുടെ തുടർനടപടികൾ, കരുതൽ തടങ്കൽ ഉൾപ്പെടെ സ്വീകരിച്ച മുൻകരുതലുകൾ, നാശനഷ്ടം എന്നിവയെല്ലാം ഉൾപ്പെടുന്നതാകും റിപ്പോർട്ട്. പിഴവുകളില്ലാതെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി ലോക‌്നാഥ് ബെഹ്റയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞു.

4 കടമ്പകൾ

ഗവർണർ

ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റല്ലെന്നും സുപ്രധാന വിഷയങ്ങളിൽ മാത്രമേ വിവേചനാധികാരം ഉപയോഗിക്കാവൂ എന്നും ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവിലുണ്ട്. ചീഫ്ജസ്റ്റിസ് ആയിരുന്ന ഗവർണർ പി. സദാശിവം നിയമപരമായ എല്ലാ സാധുതകളും പരിശോധിക്കാതെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനിടയില്ല

കേന്ദ്രസർക്കാർ

സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള ആർട്ടിക്കിൾ 356 അവസാന ശ്രമമായേ ഉപയോഗിക്കാവൂ എന്നാണ് രാഷ്ട്രപതിഭരണം റദ്ദാക്കിക്കൊണ്ടുള്ള മുൻ സൂചിപ്പിച്ച ഉത്തരവ്. നിലവിൽ കേരളത്തിൽ ഇത്തരമൊരു സ്ഥിതിയില്ല. ക്രമസമാധാനം സാധാരണ നിലയിലായിട്ടുമുണ്ട്.

രാഷ്ട്രപതി

രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാം എന്നതിനാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും രാഷ്ട്രപതിയുടെ ഉത്തരവു പോലും നിയമപരിശോധനയ്ക്കു വിധേയമാണെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കൈവിട്ടകളി എളുപ്പമല്ല.

പൊലീസ്

ഹർത്താലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ കൂട്ട അറസ്റ്റ് നടക്കുകയാണ്. റെയ്ഡുകളിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നു. കുഴപ്പക്കാരെ കരുതൽ തടങ്കലിലാക്കുന്നു. ഐ.ജിമാർക്ക് മേൽനോട്ടം നൽകിയതോടെ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.

'ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയും സർക്കാരിന് തുടരാനാവാത്ത സാഹചര്യമുണ്ടാവുകയും ചെയ്താലേ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനാവൂ. കേരളത്തിൽ അത്തരം സ്ഥിതിയില്ല. യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുക എന്ന ഭരണഘടനാ ബാദ്ധ്യതയാണ് സർക്കാർ നിർവഹിച്ചത്.''

ബി.ജി. ഹരീന്ദ്രനാഥ്,

നിയമസെക്രട്ടറി