editorial-

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീൽ വിളിച്ചു ചേർത്ത വി.സിമാരുടെ സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങളിൽ പ്രധാനമായി തോന്നിയത് സിലബസ് പരിഷ്‌കരണവും പരീക്ഷാ നടത്തിപ്പും സംബന്ധിച്ചുള്ളവയാണ്.

സംസ്ഥാനത്തെ കോളേജുകളുടെ പഠന നിലവാരത്തെക്കുറിച്ച് ഏറെ ആക്ഷേപങ്ങൾ ഉയരുന്ന സന്ദർഭത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരുടെ ഈ യോഗം നടന്നത്. ബിരുദ കോഴ്സുകളുടെ സിലബസ് രണ്ടുവർഷം കൂടുമ്പോൾ പരിഷ്കരിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന സുപ്രധാന നിർദ്ദേശങ്ങളിലൊന്ന്. പി.ജി സിലബസ് മൂന്നു വർഷത്തിലൊരിക്കലും പുതുക്കണം. അതുപോലെ നിലവാരം ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്ന എൻജിനീയറിംഗ് കോഴ്സുകളിലും വേണം സിലബസ് പരിഷ്കരണം. നാലു വർഷം കൂടുമ്പോൾ സിലബസ് പുതുക്കണമെന്നാണ് യോഗത്തിന്റെ ശുപാർശ. എൻജിനിയറിംഗ് കോളേജുകൾ വേണ്ടത്ര കുട്ടികളെ ലഭിക്കാതെ നട്ടം തിരിയുകയാണ്. എൻജിനിയറിംഗ് കോഴ്സുകൾ അനാകർഷകമാകാനുള്ള കാരണങ്ങളിൽ ഒന്ന് കോളേജുകളിലെ നിലവാരത്തകർച്ച തന്നെയാണ്. യോഗ്യതയുള്ള അദ്ധ്യാപകരും മികച്ച പശ്ചാത്തല സൗകര്യങ്ങളുമുള്ള കോളേജുകളിൽ സീറ്റ് ലഭിക്കാൻ ഇന്നും പ്രയാസമാണ്. ഇതൊന്നുമില്ലാത്ത കോളേജുകളാണ് അടച്ചു പൂട്ടലിന്റെ വക്കിൽ നിൽക്കുന്നത്. സിലബസ് പരിഷ്കരണത്തെക്കുറിച്ച് ആലോചനപോലുമില്ലാത്ത സാഹചര്യത്തിലാണ് പുതിയ വിഷയങ്ങൾ തേടി കുട്ടികൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.

സാങ്കേതിക സർവകലാശാലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ നാല് സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാതായിട്ട് മാസങ്ങളായി. നാഥനില്ലാത്ത ഈ സ്ഥിതിവിശേഷം ഇവിടത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിഫലിക്കുന്നുമുണ്ട്. സർവ്വകലാശാലകളുടെ അക്കാഡമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനും വിദ്യാഭ്യാസ പുരോഗതി നേടാനുമുള്ള ശ്രമങ്ങൾ കുറവാണ്. സർവ്വകലാശാലകളുടെ പൂർണ നിയന്ത്രണം രാഷ്ട്രീയക്കാരുടെ കൈയിൽ അമർന്നതോടെ സംഭവിച്ച ദുര്യോഗമാണിത്. സിൻഡിക്കേറ്റിലും സെനറ്റിലും രാഷ്ട്രീയാധിപത്യം പുലരാൻ തുടങ്ങിയതോടെ ഉന്നത വിദ്യാഭ്യാസ മേഖല സ്വാഭാവികമായും അതിന്റെ കെടുതികൾ നേരിടേണ്ടിവന്നു. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട പരിഷ്കാര നടപടികൾക്ക് ഈ ഉന്നതാധികാര സമിതികളിൽ വേണ്ട പരിഗണന പലപ്പോഴും ലഭിക്കാറില്ല.

ഏകീകൃത പരീക്ഷാ കലണ്ടറിനെയും കൃത്യമായ പരീക്ഷാഫലം പ്രസിദ്ധീകരണത്തെയും കുറിച്ചെല്ലാം മുൻപും ധാരാളം ചർച്ചകളും തീരുമാനവുമൊക്കെ ഉണ്ടായിട്ടുള്ളതാണ്. ഇപ്പോഴും പരീക്ഷാ നടത്തിപ്പിൽ എല്ലാ സർവ്വകലാശാലകളും കുട്ടികളെ അക്ഷരാർത്ഥത്തിൽ പരീക്ഷിക്കുക തന്നെയാണ് ചെയ്യാറുള്ളത്. ഒന്നും രണ്ടും തവണയല്ല പലകുറിയാണ് പരീക്ഷാതീയതികളിൽ മാറ്റമുണ്ടാകുന്നത്. അന്വേഷിച്ച് പലവട്ടം ഉറപ്പ് വരുത്തിയിട്ടേ പരീക്ഷ എഴുതാൻ കോളേജിലേക്ക് പോകാനാവൂ എന്ന അവസ്ഥയാണിപ്പോൾ. പരീക്ഷ പൂർത്തിയായാലും ഫലത്തിനായി അനന്തമായി കാത്തിരിക്കേണ്ട സ്ഥിതി സംസ്ഥാനത്തെ പല സർവ്വകലാശാലകളിലുമുണ്ട്. മൂല്യനിർണയത്തെക്കുറിച്ചും പുനഃപരീക്ഷാ നടത്തിപ്പിലെ താളപ്പിഴയെക്കുറിച്ചുമുള്ള ആക്ഷേപങ്ങൾക്ക് കൈയും കണക്കുമില്ല. കുട്ടികളെ മനഃപൂർവ്വം ദ്രോഹിക്കുന്നതും അപൂർവ്വമല്ല. ഫലപ്രഖ്യാപനത്തിനും സർട്ടിഫിക്കറ്റ് വിതരണത്തിനും കാലതാമസമുണ്ടാകുന്നത് പലരുടെയും ഭാവി പഠനത്തെയാണ് ബാധിക്കുന്നത്.

അദ്ധ്യാപക നിയമനത്തിൽ വരുന്ന കാലതാമസം അദ്ധ്യയന നിലവാരത്തെ ബാധിക്കുന്നുണ്ട്. ഗസ്റ്റ് അദ്ധ്യാപകരുടെ ബലത്തിലാണ് പല കോളേജുകളും മുന്നോട്ടുപോകുന്നത്. നവീന കോഴ്സുകൾ തുടങ്ങിയാലും ക്ളാസ് നടത്തിക്കൊണ്ടുപോകാൻ പ്രാപ്തരായ അദ്ധ്യാപകരെ കിട്ടാത്തത് പ്രശ്നമാകാറുണ്ട്. സർക്കാർ എയ്ഡഡ് കോളേജുകളിലായി ആയിരത്തിലേറെ അദ്ധ്യാപക ഒഴിവുകൾ നികത്തപ്പെടാനുണ്ട്. വേണ്ടത്ര അദ്ധ്യാപകരില്ലാത്ത കോളേജുകൾക്ക് എങ്ങനെ ഉയർന്ന നിലവാരം കൈവരിക്കാനാകും? രാജ്യത്തെ മികച്ച സർവ്വകലാശാലകളുടെ റാങ്കിംഗ് പട്ടികയിൽ ആദ്യത്തെ ഇരുപതിൽ കേരളത്തിൽ നിന്ന് ഒന്നുപോലുമില്ലെന്ന് ഈയിടെ വാർത്ത വന്നിരുന്നു. ഓരോന്നിനും പ്രത്യേകം പ്രത്യേകം സർവ്വകലാശാലകൾ സൃഷ്ടിച്ചത് ഉന്നതലക്ഷ്യത്തോടുകൂടിയാണ്. സ്വയംഭരണ കോളേജുകളാണ് താരതമ്യേന കുറച്ചെങ്കിലും പ്രശംസാർഹമായ നിലവാരത്തിലെത്തിയതെന്നും കാണാം.

വി.സി.മാരുടെ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ എത്രത്തോളം ശുഷ്കാന്തി കാണിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ എന്തെങ്കിലും നേട്ടമുണ്ടാകാൻ പോകുന്നത്. മുൻകാലത്തെ അനുഭവം പരിശോധിച്ചാൽ അത്ര വലിയ പ്രതീക്ഷയ്ക്കൊന്നും വക കാണുന്നുമില്ല. സിലബസ് പരിഷ്കരണം, പരീക്ഷാ നടത്തിപ്പ് എന്നീ കാര്യങ്ങളെങ്കിലും സമയബന്ധിതമായി നടത്താൻ കഴിഞ്ഞാൽ കുട്ടികൾക്ക് വലിയ ഉപകാരമായിരിക്കും. അതുപോലെ ഒഴിഞ്ഞുകിടക്കുന്ന വി.സി. കസേരകളിൽ യോഗ്യതയുള്ളവരെ കണ്ടെത്തി എത്രയുംവേഗം നിയമിക്കുകയും വേണം. ഇവിടെ അതിനു പറ്റിയ ആളുകളില്ലെങ്കിൽ പുറത്തുനിന്ന് കൊണ്ടുവരാവുന്നതാണ്.