parassala

പാറശാല: അയ്ങ്കാമം ഗവ.എൽ.പി. സ്‌കൂളിൽ ത്രിഭാഷാനൈപുണീ വികസനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ തിരുവനന്തപുരം ജില്ല നടപ്പിലാക്കുന്ന 'ഹലോ ഇംഗ്ലീഷ് ' പദ്ധതിയുടെ ഭാഗമായാണ് തീയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചത്. അതിർത്തി പങ്കിടുന്ന തമിഴ്, മലയാളം മീഡിയം സ്കൂളുകളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് ഭാഷയിലും നൈപുണ്യമള്ളവരാക്കി മാറ്റാനാണ് ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്. ഫോട്ടോഗ്രാഫി, സ്ക്രിപ്‌ട് തയ്യാറാക്കൽ, റിഹേഴ്സൽ, വേദിയൊരുക്കൽ, വേഷങ്ങൾ തയ്യാറാക്കൽ, ചിത്രീകരണം തുടങ്ങിയവയിലൂടെ നാടകം ആവിഷ്ക്കരിച്ച് അവതരിപ്പിക്കുന്നതിനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി.

ഇംഗ്ലീഷ് തീയേറ്റർ ക്യാമ്പിന്റെ ഉദ്ഘാടനം പാറശാല ഗ്രാമപഞ്ചായത്തംഗം പി. സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്. കൃഷ്‌ണകുമാർ, ബി.ആർ.സി പരിശീലകരായ ജി. വിശ്വനാഥൻ, എ.എസ്. മൻസുർ, ഹെഡ്മിസ്ട്രസ് എസ്. പ്രഭ, സീനിയർ അസിസ്റ്റന്റ് ജെ. ജയശേഖർ, പി.ടി.എ പ്രസിഡന്റ് ആർ. ഷീജ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ പി. ജയചന്ദ്രൻ, എം. ഓമന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.