തിരുവനന്തപുരം: ആശ്രയവും വരുമാനവുമില്ലാത്തവർക്ക് ഒരു നേരത്തെയെങ്കിലും ആഹാരം സൗജന്യമായി നൽകുന്ന സംസ്ഥാന സർക്കാരിന്റെ 'വിശപ്പ് രഹിത കേരളം' പദ്ധതി പാളി. ആലപ്പുഴയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കണ്ട പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിനായി കഴിഞ്ഞ ബഡ്ജറ്റിൽ 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രളയത്തിന്റെ പേരിൽ ഭക്ഷ്യവകുപ്പ് 14 കോടി രൂപ വകമാറ്റി. ശേഷിക്കുന്നത് ആറു കോടി രൂപ മാത്രം. ആ തുക കൊണ്ട് നാലു ജില്ലകളിൽ പദ്ധതി തുടങ്ങാനാണ് തീരുമാനിച്ചത്. എന്നാൽ അതിനായി സംസ്ഥാന തലത്തിൽ ഒരു യോഗം പോലും ചേർന്നിട്ടില്ല. 2017 ഡിസംബറിലാണ് പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. 2018 ജനുവരിയിൽ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ വർഷം ഒന്നായിട്ടും ഒന്നും നടന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഒരു വർഷത്തോളം പദ്ധതിയെ ഉറക്കി കളഞ്ഞതെന്നാണ് ആക്ഷേപം. സംസ്ഥാനത്താകെ എന്ന തീരുമാനം മറന്ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലേക്ക് പദ്ധതി ചുരുക്കാൻ തീരുമാനിച്ചെങ്കിലും ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ശേഷിക്കേ പദ്ധതി നടപ്പിലാക്കാൻ കഴിയില്ല. ഫലത്തിൽ ശേഷിക്കുന്ന ആറു കോടി രൂപ കൂടി നഷ്ടപ്പെടും. അതേസമയം സാമ്പത്തിക വർഷം തീരുന്നതിനു മുമ്പ് ആലപ്പുഴയിൽ പദ്ധതി തുടങ്ങാനുള്ള തീരുമാനത്തിലാണ് ഭക്ഷ്യവകുപ്പ്.