കോവളം: ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളായണിക്കായലിൽ ജലനിരപ്പ് താഴുന്നു. മൂന്ന് മാസത്തിനിടെ ജലനിരപ്പ് മൂന്ന് അടിയോളം താഴ്ന്നതായി ജല അതോറിട്ടി ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നു. പായലുകളും പുല്ലുകളും വളർന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കടവിൻമൂല, പനങ്ങോട്, നെല്ലിവിള, വെണ്ണിയൂർ എന്നീ വാർഡുകളിൽ കായൽ പൂർണമായും മൂടപ്പെട്ട നിലയിലാണ്. നിരവധി സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസായ കായലിലേക്ക് എത്തുന്ന നീർച്ചാലുകളിൽ പരിസരത്തെ വയലുകളിൽ നിന്നുള്ള രാസവളത്തിന്റെയും മറ്റും സാന്നിദ്ധ്യവും കൂടുതലാണ്. ഇതാണ് പായൽ വളരാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പായൽ ഇല്ലാതാക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചില്ലെന്നാണ് പരാതി. കിരീടം പാലത്തിന് സമീപത്ത് രണ്ട്, നെടിഞ്ഞൽ ഭാഗത്ത് മൂന്ന്, കാക്കാമൂലയിൽ ഒന്ന് എന്നിങ്ങനെയാണ് പമ്പിംഗ് സ്റ്റേഷനുള്ളത്. ഇവയിൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായ കാക്കാമൂലയിലുള്ള പമ്പിംഗ് സ്റ്റേഷൻ വഴി 21 ദശലക്ഷത്തിലധികം ലിറ്റർ ജലമാണ് പ്രതിദിനം ശേഖരിക്കുന്നത്. വെള്ളാർ, പൂങ്കുളം, പുഞ്ചക്കരി തുടങ്ങിയ കോർപറേഷൻ വാർഡുകൾ, വെങ്ങാനൂർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത്, കോവളം ടൂറിസം മേഖല, വിഴിഞ്ഞം പദ്ധതി പ്രദേശം എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി. കായലിന്റെ ജലസ്രോതസായ മുപ്പതിലേറെ കനാലുകളിൽ ഭൂരിഭാഗവും ഒഴുക്ക് നിലച്ചു.