പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ മകരപ്പൊങ്കൽ മഹോത്സവം ജനുവരി 15 ന് നടക്കും. മകരപ്പൊങ്കൽ മഹോത്സവത്തിന്റെ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ശ്രീ ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ എം.നന്ദകുമാർ, ഭാരതീയ ജനത ഒ.ബി.സി.മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് റിട്ട. പ്രൊഫ.വി.തുളസീധരൻ നായർ, പന്നിയോട് സുകുമാരൻ വൈദ്യർ തുടങ്ങിയവർ സംസാരിച്ചു. മകരപ്പൊങ്കൽ ദിനമായ 15 ന് രാവിലെ പതിവ് പൂജകൾക്ക് പുറമേ 5 മണിക്ക് ഗണപതി ഹോമം, 7.30 ന് മകരപ്പൊങ്കലിനായി തീ പകരൽ, 10.30 ന് പൊങ്കാല നിവേദ്യം തുടർന്ന് പ്രസാദ വിതരണം. തമിഴ് നാട്ടിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്ന മകരപ്പൊങ്കൽ മഹോത്സവം തെക്കൻ കേരളത്തിലെ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലും വൻ ഭക്തജന പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.