നെടുമങ്ങാട്: ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയ വാർഷികാഘോഷങ്ങളുടെ ഭാഗമായി കൈതപ്രത്തിന് വിദ്യാർത്ഥികളുടെ ഗാനാർച്ചന. കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീത സംവിധാനം നിർവഹിച്ച ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കി വിദ്യാലയ സംഗീത വിഭാഗം ഒരുക്കിയ 'രാഗ നിലാവാണ് ' ശ്രദ്ധേയമായത്. സംഗീതാദ്ധ്യാപകൻ ശാസ്‌താംകോട്ട കെ. ശശിധരൻ നേതൃത്വം നൽകിയ ഫ്യൂഷൻ ഗാനമേളയിൽ പത്താം ക്ളാസ് വിദ്യാർഥിനികളായ ദുർഗാലക്ഷ്മി, ആഭിജാറാണി എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സബ്കളക്ടർ ഇമ്പശേഖർ ഉദ്ഘാടനം ചെയ്‌തു. സർക്കാർ വിദ്യാലയങ്ങളിലാണ് താൻ പഠിച്ചതെന്നും വ്യക്തമായ ലക്ഷ്യബോധവും നിശ്ചയ ദാർഢ്യവുമുണ്ടെങ്കിൽ ഏത് ഉന്നത സ്ഥാനവും സാക്ഷാത്കരിക്കാനാവുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
സംഗീത സംവിധായകനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപക - രക്ഷാകർതൃ സമിതി അംഗം എ. ക്ളമന്റിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ കെ.എസ്. പ്രകാശ്കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥി പ്രതിനിധി ഭാവേഷ് ആശംസയർപ്പിച്ചു. മലയാളം അദ്ധ്യാപകൻ വി. വിശ്വനാഥൻ സ്വാഗതവും ജീവശാസ്ത്രാദ്ധ്യാപകൻ ഉത്തമ ശ്ളോകൻ നായർ നന്ദിയും പറഞ്ഞു. മത്സര വിജയികൾക്ക് സബ്കളക്ടർ സമ്മാനദാനം നിർവഹിച്ചു.