ട്രേഡ് യൂണിയൻ സംഘടനകളെ തകർക്കാനും തൊഴിലാളികളുടെ അവകാശങ്ങളും നിയമപരമായ സംരക്ഷണവും അവസാനിപ്പിയ്ക്കുന്നതിനുള്ള കേന്ദ്ര നടപടികളുടെ തുടർച്ചയാണ് 1926ലെ ട്രേഡ് യൂണിയൻ ആക്ട് ഏകപക്ഷീയമായി ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം. ദ്വിദിന തൊഴിലാളി പണിമുടക്ക് മോദിസർക്കാരിന്റെ ജനവിരുദ്ധ -തൊഴിലാളിദ്രോഹ ഭരണത്തിനെതിരായ അതിശക്തമായ താക്കീതായിരിക്കും. രാജ്യവ്യാപകമായി പണിമുടക്കുന്നതിന് 12 ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ചത് .ഇതിൽ പ്രധാനപ്പെട്ട ഒരു ആവശ്യം തൊഴിലാളി യൂണിയനുകൾക്ക് 45 ദിവസത്തിനകം ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ നല്കണമെന്നതാണ്. അന്ന് ഡൽഹിയിൽ വച്ചുനടന്ന പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര പൊതുമേഖലയിലെ വിവിധ തൊഴിലാളി സംഘടനകളുടെയും കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെയും ദേശീയ കൺവൻഷനാണ് രണ്ട് ദിവസത്തെ പണിമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തത്. ഈ 12 ആവശ്യങ്ങളെ സംബന്ധിച്ച് ഒരു ചർച്ചയ്ക്കുപോലും കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ കേന്ദ്രസർക്കാർ തയ്യാറായില്ല. തൊഴിലാളി സംഘടനകളെ കൂടുതൽ പ്രകോപിപ്പിക്കുവാനും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെ അവസാനിപ്പിക്കുന്നതിനുമുള്ള കരിനിയമമാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 1926ലെ ട്രേഡ്യൂണിയൻ ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള തീരുമാനം.
തൊഴിൽ സുരക്ഷ തകർക്കുന്നതുപോലെ ട്രേഡ് യൂണിയനുകളേയും തകർക്കാൻ ലക്ഷ്യം വച്ചുകൊണ്ട് 1926ലെ ട്രേഡ് യൂണിയൻ നിയമത്തിലെ 28-എ, 29 വകുപ്പുകൾ ഏകപക്ഷീയമായി ഭേദഗതി ചെയ്യുന്നു. കേന്ദ്ര സംസ്ഥാന തലങ്ങളിലെ ട്രേഡ് യൂണിയനുകളുടെ നിർവചനം മാറ്റി തൊഴിലാളികൾക്കെതിരെ പുതിയൊരു ആക്രമണമുഖം തുറക്കുന്നു. മോദി സർക്കാരിനെ അംഗീകരിക്കുന്ന ട്രേഡ് യൂണിയനുകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുമതി നല്കൂ എന്ന നിയമവിരുദ്ധമായ തീരുമാനമാണ് കേന്ദ്ര മന്ത്രി സഭ കഴിഞ്ഞ ദിവസം എടുത്തത്. കേന്ദ്രസർക്കാരിന്റെ എല്ലാ ജനവിരുദ്ധ - തൊഴിലാളിവിരുദ്ധ നയങ്ങളെയും അംഗീകരിക്കുന്ന തങ്ങളുടെ സ്വന്തം സർക്കാർ വിലാസം ട്രേഡ് യൂണിയനുകൾക്ക് മാത്രം അംഗീകാരം എന്ന ഏറ്റവും പ്രാകൃതവും, ജനാധിപത്യ വിരുദ്ധവും, ഭരണഘടന വിരുദ്ധവുമായ നടപടിയാണിത്. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാനും തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുമുള്ള ഈ നീക്കത്തിനെതിരെ കൂടിയാണ് ദേശീയ പണിമുടക്ക്. തുല്യജോലിക്ക് തുല്യ വേതനം പ്രഖ്യാപിച്ച സുപ്രിംകോടതിയുടെ 2016ലെ വിധി നടപ്പിലാക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാർ സമ്പൂർണമായ കരാർവത്കരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഇന്ത്യൻ ലേബർ കോൺഫറൻസുകളുടെ തീരുമാനങ്ങളും ഐ.എൽ.ഒ കൺവൻഷൻ അംഗീകരിച്ച തീരുമാനങ്ങളും നടപ്പിലാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസർക്കാർ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപം ഒരുപിടി വമ്പൻ കുത്തക മുതലാളിമാർക്ക് ഇഷ്ടംപോലെ വായ്പ നൽകാനും പിന്നീടത് കിട്ടാക്കടമാക്കി മാറ്രി. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഒറ്റക്കെട്ടായി നടത്തിയത്.
പണിമുടക്ക് ഉൾപ്പെടെ നിരന്തരം പ്രക്ഷോഭം നടത്തിവരുന്ന ബാങ്കിംഗ് മേഖലയിലെ ട്രേഡ് യൂണിയനുകളുമായി ഒരു ചർച്ചയ്ക്കുപോലും ഗവൺമെന്റ് തയ്യാറാകുന്നില്ല. കോർപ്പറേറ്റുകളുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെ അന്താരാഷ്ട്ര സാമ്പത്തിക കുത്തകകളുടെയും നേതാവും സംരക്ഷകനുമായി ഇന്ത്യൻ പ്രധാനമന്ത്രി മാറി. ഈ ദൗത്യം വെല്ലുവിളിയായി തൊഴിലാളികൾ ഏറ്റെടുത്തു എന്നതിന്റെ വിജയമായിരിക്കും രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക്.