ഡൽഹി : മുന്നാക്ക സമുദായങ്ങളുടെ വർഷങ്ങളായുള്ള മുഖ്യ ആവശ്യമായ സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്കായിരിക്കും സംവരണാനുകൂല്യം ലഭിക്കുക. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്നു തന്നെ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ശൈത്യകാല സമ്മേളനം ഇന്ന് തീരുകയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് കേന്ദ്രത്തിന്റെ അടിയന്തര നീക്കം.
മൊത്തം സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന് കോടതി വിധിയുണ്ട്. ഇത് 60 ശതമാനമാക്കുന്നതിനാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവരിക.
സർക്കാർ സർവീസിൽ കയറുന്നതിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായാംഗങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് തീരുമാനം. എൻ.എസ്.എസ് ഉൾപ്പെടെയുള്ള മുന്നാക്ക സമുദായ സംഘടനകൾ സാമ്പത്തിക സംവരണത്തിനായി നിരവധി പ്രക്ഷോഭങ്ങൾ നടത്തുകയും കേസുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായ സംഘടനകളുടെ എതിർപ്പ് ശക്തമായതിനാൽ ഇതുവരെയുള്ള ഒരു സർക്കാരും ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ബിൽ നിയമമാകാൻ ലോക്‌സഭയും രാജ്യസഭയും പാസാക്കണം.
ഭരണഘടനയിലെ മാറ്റം
ഇന്ത്യൻ ഭരണഘടനയിലെ 15, 16 വകുപ്പുകളാവും ഭേദഗതി ചെയ്യുക. ഇതോടെ മൊത്തം സംവരണം 60 ശതമാനമായി ഉയരും. 50 ശതമാനം സംവരണം ദളിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവർക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സാമ്പത്തിക സംവരണം ലഭിക്കാൻ
1. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ
2. 5 ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമി
( പാർലമെന്റിലെ ചർച്ചയിൽ വ്യവസ്ഥകളിൽ മാറ്റം വരാം)
ഭേദഗതി പാസാകാനുള്ള സാദ്ധ്യത വിരളം
ന്യൂഡൽഹി: ഇന്ന് ഇരുസഭകളിലും ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് സൂചനയുണ്ടെങ്കിലും പാസാക്കുക എളുപ്പമല്ല. കാരണം ഭരണഘടനാ ഭേദഗതി പാസാക്കാൻ സഭയിൽ ഹാജരുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷ പിന്തുണയില്ലാതെ ഇത് സാദ്ധ്യമല്ല. പ്രത്യേകിച്ചും രാജ്യസഭയിൽ. സംവരണ വിഷയമായതിനാൽ വിശദമായ ചർച്ചയില്ലാതെ ബിൽ പാസാക്കാൻ കഴിയില്ല. കൂടാതെ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ നിരവധി ചട്ടങ്ങൾ പാലിക്കണം. പാസായില്ലെങ്കിൽ തന്നെ ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഇത് ഉയർത്തിക്കാണിക്കാം. ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് പാർലമെന്റിന്റെ ഇരു സഭകളും പൂർണമായി സ്‌തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
ഭേദഗതി പാസാക്കാനുള്ള
ചട്ടങ്ങൾ ഇങ്ങനെ:
1. സഭയിലെ ആകെ അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ
2. സഭയിൽ ഹാജരായവരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ
3. ഒരു സഭയിൽ പരാജയപ്പെട്ടാൽ സംയുക്ത സമ്മേളനം വിളിച്ച് ബിൽ പരിഗണിക്കാൻ കഴിയില്ല.
4.പാർലമെന്റിൽ പാസായ ശേഷം ഇന്ത്യയിലെ പകുതി സംസ്ഥാന നിയമസഭകളുടെ പിന്തുണ