bus-strike

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള സംഘടനകളുടെ പണിമുടക്ക് കേരളത്തിൽ ഫലത്തിൽ രണ്ടു ദിവസത്തെ ഹർത്താൽ ആയി മാറിയേക്കും. കഴിഞ്ഞ അർദ്ധരാത്രി ആരംഭിച്ച പണിമുടക്ക് നാളെ അർദ്ധരാത്രി വരെയാണ്.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. ആട്ടോ- ടാക്സികൾ ഓടില്ല. ട്രെയിനുകളും സ്വകാര്യ വാഹനങ്ങളും തടയില്ല. എന്നാൽ റെയിൽവേ സ്‌റ്റേഷനുകളിൽ പിക്കറ്റിംഗ് ഉള്ളതിനാൽ ട്രെയിനുകൾ വൈകാനിടയുണ്ട്. അദ്ധ്യാപകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ, ചെറുകിട വ്യാപാരികൾ എന്നിവർ കൂടി പണിമുടക്കുന്നതിനാൽ ദിവസം ജനജീവിതം നിശ്ചലമാകും.

ആശുപത്രികൾ, വിമാനത്താവളം, വിവാഹങ്ങൾ, ടൂറിസം മേഖല തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പാൽ, പത്രം വിതരണത്തിനുള്ള വാഹനങ്ങൾ പണിമുടക്കില്ല. ശബരിമല തീർഥാടനവും തടസ്സപ്പെടില്ല. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.