കാട്ടാക്കട: അഗസ്‌ത്യാർകൂട തീർത്ഥാടനം 14ന് ആരംഭിച്ച് മാർച്ച് 4ന് അവസാനിക്കുമെന്ന് അഗസ്‌ത്യാർകൂട ക്ഷേത്ര കാണിക്കാർ ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗോത്രാചാര പൂജകൾ നടക്കുന്ന അഗസ്‌ത്യ സന്നിധിയിൽ സ്ത്രീ പ്രവേശനമുണ്ടായാൽ അഗസ്‌ത്യനാമം ജപിച്ച് വനവാസി സമൂഹം പ്രതിഷേധിക്കുമെന്നും സ്ത്രീകളെ തടയുമെന്നും ഭാരവാഹികൾ അറിയിച്ചു. അതിരുമല വരെ സ്ത്രീകൾ എത്തുന്നത് തടയില്ല. അഗസ്‌ത്യരുടെ പർണശാലയിലേക്ക് അവരെ കടക്കാൻ അനുവദിക്കില്ല. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 14ന് മുഖ്യ പൂജാരി ഭഗവാൻ കാണിയുടെ നേതൃത്വത്തിൽ പൂജാസംഘം അതിരുമലയിലെത്തും. അന്ന് അതിരുമലയിൽ ആചാരച്ചടങ്ങുകളും ചാറ്റുപാട്ടും നടക്കും. 15ന് പൂജാരി സംഘം സന്നിധാനത്തെത്തി പൂജയും അഗസ്‌ത്യർക്ക് അഭിഷേകവും ആരാധനയും നടത്തി മലയിറങ്ങും. മാർച്ച് 2, 3, 4 തീയതികളിലാണ് ശിവരാത്രി പൂജയും കൊടുതിയും നടക്കുന്നത്. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് മോഹനൻ ത്രിവേണി, ട്രഷറർ എം.ആർ. സുരേഷ്, മുഖ്യ പൂജാരി ഭഗവാൻ കാണി, മാത്തൻ കാണി, കൃഷ്ണൻകുട്ടി കാണി, ഗിരീഷ്, ഓമന, രമാ സുരേഷ്, ദേവി എന്നിവർ പങ്കെടുത്തു.