india-australia

സിഡ്നി : ആസ്ട്രേലിയൻ മണ്ണിലെ ഒരു ടെസ്റ്റ് പരമ്പര വിജയത്തിനുവേണ്ടിയുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ കാത്തിരിപ്പിന് ഇന്നലെ സിഡ്നിയിൽ ശുഭാന്ത്യം. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് സ്വന്തമാക്കിയാണ് ചരിത്രം കുറിച്ചത്.

സിഡ്നിയിൽ നടന്ന നാലാം ടെസ്റ്റ് സമനിലയിലായതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമായത്. സിഡ്നിയിൽ അഞ്ചാംദിനമായ ഇന്നലെ മഴമൂലം ഒരു പന്തുപോലും എറിയാനാകാതെവന്നപ്പോൾ മത്സരം സമനിലയിലാവുകയായിരുന്നു.

1947/48 സീസൺ മുതൽ 2014 വരെ നടന്ന 11 ആസ്ട്രേലിയൻ പര്യടനങ്ങളിലും കുറിക്കാനാകാത്ത ചരിത്രമാണ് വിരാട് കൊഹ്‌ലിയും സംഘവും ഇത്തവണ സ്വർണലിപികളിലെഴുതിച്ചേർത്തിരിക്കുന്നത്.

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിന് ജയിച്ച ഇന്ത്യ പെർത്തിലെ രണ്ടാം ടെസ്റ്റിൽ 146 റൺസിന് തോറ്റിരുന്നു. മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിൽ 137 റൺസിന് വിജയിക്കാനായതോടെയാണ് പരമ്പര നേട്ടത്തിന് വഴിയൊരുങ്ങിയത്.

മൂന്ന് സെഞ്ച്വറികളുൾപ്പെടെ 521 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തിന് പ്രധാന ചാലകമായത്. പരമ്പരയിലെ കേമനും പുജാര തന്നെ. ഋഷഭ് പന്ത് (350 റൺസ്), വിരാട് കൊഹ്‌ലി (282) എന്നിവർ ബാറ്റിംഗിലും ജസ്‌പ്രീത് ബുംറ (21 വിക്കറ്റുകൾ), ഷമി (16), ഇശാന്ത് ശർമ്മ (11) എന്നിവർ ബൗളിംഗിലും മികവ് കാഴ്ചവച്ചു.പരമ്പര നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിലൂടെയും അഭിനന്ദനങ്ങൾ നിറഞ്ഞൊഴുകുകയാണ്. ഇനി ആസ്ട്രേലിയയിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കൂടി ഇന്ത്യ കളിക്കുന്നുണ്ട്.