india-australia-test-seri
india australia test series victory

സ്പോർട്സ് ലേഖകൻ

കംഗാരുക്കളുടെ മണ്ണ് ഇനി, ഇന്ത്യ കേറാമലയല്ല, ലാലാ അമർനാഥിൽ തുടങ്ങി സുനിൽ ഗാവസ്കറും ധോണിയും ഗാംഗുലിയടക്കമുള്ള ഇന്ത്യൻ നായകർക്കാർക്കും കഴിയാത്തത് വിരാട് കൊഹ്‌ലിയും കൂട്ടരും നേടിയെടുത്തിരിക്കുന്നു. ആസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേടിയെടുത്ത നായകനായി ഇനി ചരിത്രം വിരാടിനെ വാഴ്ത്തും. അസാദ്ധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.

സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറുമടക്കം സൂപ്പർതാരങ്ങൾ പലരുമില്ലാത്ത ആസ്ട്രേലിയൻ ടീമാണിതെന്ന് വേണമെങ്കിൽ കംഗാരുക്കൾക്ക് ജാമ്യമെടുക്കാം. പക്ഷേ, ആസ്ട്രേലിയയെ അവരുടെ നാട്ടിൽ ചെന്ന് കീഴടക്കുകയെന്നത് അത്ര നിസാരമായ കാര്യമല്ല. ഇതിലേറെ മികച്ച താരങ്ങൾ അടങ്ങിയ ഇന്ത്യൻ ടീം പലതവണ അവിടേക്ക് പര്യടനം നടത്തിയിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ഒരു പരമ്പര നേട്ടം ആഘോഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തേതും കൂടിയുള്ള 12 പര്യടനങ്ങളിൽ പരമ്പര സമനിലയിലാക്കാനെങ്കിലും കഴിഞ്ഞത് മൂന്നേ മൂന്ന് തവണ മാത്രമാണ്. അതുകൊണ്ടുതന്നെയാണ് വിരാട് കൊഹ്‌ലിയെയും കൂട്ടരെയും ചരിത്ര നായകരെന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കേണ്ടി വരുന്നത്.

ഇന്ത്യൻ വിജയത്തിന്റെ 5 കാരണങ്ങൾ

1. മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവും ആത്മവിശ്വാസവും പുലർത്താൻ കഴിഞ്ഞത്. കൊഹ്‌ലിയുടെ മികച്ച നായകത്വമാണ് ഇതിന് ചുക്കാൻ പിടിച്ചത്.

2. ചേതേശ്വർ പുജാരയുടെ മികച്ച ബാറ്റിംഗ്. പുജാര അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധത്തിലൂടെ ആസ്ട്രേലിയൻ ബൗളർമാരെ മുഴുവൻ നിരാശയിലാഴ്ത്താൻ പുജാരയ്ക്ക് കഴിഞ്ഞു.

3. പേസർമാരായ ജ‌സ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, സ്പിന്നർമാരായ അശ്വിൻ, ജഡേജ, കുൽദീപ് എന്നിവരുടെ മികച്ച പ്രകടനം സമീപകാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ പേസ് പ്രകടനമാണ് ആസ്ട്രേലിയയിൽ കണ്ടത്.

4. ഓപ്പണർമാർ പരാജയമായപ്പോൾ മായാങ്ക് അഗർവാളിനെയും ഹനുമവിഹാരിയെയും ഓപ്പണിംഗിൽ പരീക്ഷിക്കാൻ കാട്ടിയ ധൈര്യവും അതിന്റെ വിജയവും ഋഷഭ് പന്ത് എന്ന യുവ വിക്കറ്റ് കീപ്പർ ബാറ്റിംഗിൽ പുറത്തെടുത്ത ധീരമായ സമീപനം. സ്ളെഡ് ജിംഗിലെ ആസ്ട്രേലിയൻ കുത്തക തകർത്ത് കൈയിൽ കൊടുത്തതും പന്താണ്.

ഓസീസിന് തിരിച്ചടിയായത്

1. പരിചയ സമ്പന്നരായ സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്ക് പന്തുരയ്ക്കൽ വിവാദത്തിലെ വിലക്ക് മൂലം കളിക്കാൻ കഴിയാത്തത്.

2. വിരാട് കൊഹ്‌ലിയുടെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കുമെന്നതായിരുന്നു അവിടെ അലട്ടിയിരുന്നത്. അതിനിടയിൽ പുജാരയുടെ പ്രതിരോധത്തെ ആക്രമിക്കുന്ന കാര്യം മറന്നുപോയി.

3. പരിചയക്കുറവ് ആസ്ട്രേലിയൻ ബാറ്റിംഗിൽ കൃത്യമായി പ്രതിഫലിച്ചു. നായകൻ ടിംവെയ്നിനും പ്രതികൂല സാഹചര്യങ്ങൾ തരം ചെയ്ത് പരിചയമുണ്ടായിരുന്നില്ല.

4. കഴിഞ്ഞ വർഷം തുടർച്ചയായി മത്സരങ്ങൾ തോറ്റത് അവരെ മാനസികമായി തളർത്തിയിരുന്നു. ആ തളർച്ചയിൽ നിന്ന് ഉണരാൻ പെർത്തിലെ വിജയംപോലും സഹായകരമായില്ല.

5. പേരുകേട്ട ഓസീസ് പേസർമാർക്ക് പ്രത്യേകിച്ച് പരിചയ സമ്പന്നമായ മിച്ചർ സ്റ്റാർക്കിന് പ്രതീക്ഷിച്ചപോലെ മുന്നേറാനായില്ല.