ബാലരാമപുരം: ബസിൽ നിന്നിറങ്ങവേ കുഴഞ്ഞു വീണ ആളെ തിരിഞ്ഞു നോക്കാൻ പോലും മറ്റു യാത്രക്കാർ വിമുഖത കാട്ടിയപ്പോൾ അയാളെ സുരക്ഷിതമായി വീട്ടിലെത്തിച്ച് മാതൃകയായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഇന്നലെ രാവിലെ 11.30 പൂവാർ ഡിപ്പോയിലെ വെൺപകൽ - തിരുവനന്തപുരം ബസ് വെടിവച്ചാൻകോവിൽ ജംഗ്ഷനിലെ സ്റ്റോപ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം. കാക്കാമ്മൂല തെറ്റിവിളയിൽ തോടിന് സമീപം രവീന്ദ്രൻനായർ (68) ബസിൽ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ജംഗ്ഷന് സമീപത്തു നിന്ന പരിസരവാസികളിലൊരാളാണ് വൃദ്ധനെ തൊട്ടടുത്ത കടയ്ക്ക് സമീപം ഇരുത്തിയത്. അബോധാവസ്ഥയിലായ രവീന്ദ്രൻനായർക്ക് ഛർദ്ദിയും കൂടിയായതോടെ തീരെ ക്ഷീണിതനായി. തുടർന്ന് ബസ് നിറുത്തിയിട്ട് പൂവാർ ഡിപ്പോയിലെ കണ്ടക്ടർ പ്രവീൺകുമാറും ഡ്രൈവർ ഷാജിമോനും വൃദ്ധന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ബോധം വന്നപ്പോൾ കല്ലിയൂർ പഞ്ചായത്തിന് സമീപമാണ് സ്ഥലമെന്ന് രവീന്ദ്രൻനായർ അറിയിച്ചു. കല്ലിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.ഉദയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ജയലക്ഷ്മി എന്നിവരെ ഫോണിൽ വിളിച്ച് സ്ഥലം മനസിലാക്കിയ ജീവനക്കാർ വൃദ്ധനെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചു. കല്ലിയൂർ എത്തി സ്ഥലം മനസിലാക്കാൻ പ്രയാസപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്താൽ വീട് കണ്ടുപിടിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ പ്രവീൺകുമാർ പറഞ്ഞു. രവീന്ദ്രൻനായരുടെ വീട്ടുകാരും ജീവനക്കാരോട് നന്ദി അറിയിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ ആരും തന്നെ വൃദ്ധന്റെ ദൈന്യത കണ്ട് തിരിഞ്ഞുനോക്കിയില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. പൂവാർ സ്വദേശിയായ ഒരാൾ മാത്രമാണ് കണ്ടക്ടർക്കും ഡ്രൈവർക്കും സഹായത്തിനായി ഒപ്പമുണ്ടായിരുന്നത്.