05

കുളത്തൂർ: രണ്ടര വർഷം മുമ്പ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ച കുഴിവിള സർവീസ് റോഡിന്റെയും അനുബന്ധ ഓടകളുടെയും പണികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ നാട്ടുകാരും കച്ചവടക്കാരും ദുരിതത്തിൽ. ബൈപാസിൽ ആക്കുളം പാലത്തിന് സമീപം കുഴിവിള ജംഗ്‌ഷനിൽ പ്രധാന റോഡിന്റെ ഇരുവശത്തെയും സർവീസ് റോഡുകളുടെ നിർമ്മാണമാണ് വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നത്. കഴിഞ്ഞ രണ്ട് മഴക്കാലത്തും ഇവിടെ അപകടകരമായ നിലയിൽ വെള്ളം നിറഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവെ, സമീപത്ത് പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിന് മുന്നിൽ വൻതോതിൽ ചെളിയും മണ്ണും പാറക്കഷണങ്ങളും അടിഞ്ഞുകൂടിയത് നീക്കംചെയ്യാൻ പോലും നിർമ്മാണക്കമ്പനി അധികൃതർ കൂട്ടാക്കാത്തതിനാൽ മത്സ്യ മാർക്കറ്റിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ആക്കുളം പാലത്തിന് സമീപത്തെ എൻ.സി.സി കേന്ദ്രത്തിലേക്കുള്ള വഴിയും കെട്ടിയടച്ചതിനാൽ പരിശീലനത്തിനെത്തുന്നവരും കഷ്ടത്തിലാണ്. ഇരുഭാഗത്തെയും സർവീസ് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് അശാസ്ത്രീയമായി നിർമ്മിച്ച മിനി അണ്ടർപാസാണ് റോഡിന്റെയും ഓടകളുടെയും പണികൾ ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

ആക്കുളം പാലത്തിനോട് ചെന്ന് നിർമ്മിക്കുന്ന മിനി അണ്ടർപാസ്, പാലത്തിൽ നിന്ന് 50 മീറ്റർ അകലെയാണ് നിർമ്മിച്ചത്. ഇക്കാരണത്താൽ ഈ ഭാഗത്തെ സർവീസ് റോഡും ഓടയും ആവശ്യത്തിലേറെ താഴ്ത്തേണ്ടി വരുന്നു. ഓടകൾ പരിധിയിലധികം താഴ്ത്തി നിർമ്മിക്കുന്നത് കായലിൽ വെള്ളം പൊങ്ങുമ്പോൾ ഓടകളിലൂടെ വെള്ളം തിരികെ ഇവിടേക്ക് ഇരച്ചെത്തുന്നതിന് കാരണമാകും. ഇത് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഈ പ്രശ്നം പരിഹരിക്കാനാണ് നിർമ്മാണം നീളുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ആക്കുളം പാലത്തിന്റെ അങ്ങേയറ്റത്ത് സർവീസ് റോഡുകളെ ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തിയായ മിനി അണ്ടർപാസ് പാലത്തിനോട് ചേർന്ന് നിർമ്മിച്ചതിനാൽ അവിടെ ഇത്തരം പ്രശനങ്ങളൊന്നുമില്ല. സർവീസ് റോഡിന്റെ പണി ഇനിയും അനന്തമായി നീണ്ടാൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.