തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ് കണ്ടക്ടറെ പട്ടാപ്പകൽ ബസിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ. കൊഞ്ചിറവിള ഒരിക്കോമ്പിൽ വീട്ടിൽ അനന്തു(20), മണക്കാട് ഐരാണി മുട്ടം തളിയൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന അനന്തൻ (20) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റ് മൂന്നുപേർക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. നഗരത്തിൽ സർവീസ് നടത്തുന്ന കുന്നുവിള ദേവി എന്ന ബസിലെ കണ്ടക്ടറായ ബാലരാമപുരം അതിയന്നൂർ വെങ്ങിൻകോട് പാൽ സൊസൈറ്റിക്ക് സമീപം അരുൺ നിവാസിൽ അരുണിനാണ് (28) കുത്തേറ്റത്. കേസിലെ ഒന്നാം പ്രതിയായഅനന്തുവിനെ രണ്ട് വർഷം മുമ്പ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഓവർബ്രിഡ്ജ് എസ്.എം.വി സ്കൂളിന് മുന്നിലായിരുന്നു സംഭവംആളെ കയറ്റുന്നതിനായി സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോഴാണ് അവിടെ കാത്തുനിൽക്കുകയായിരുന്ന സംഘം അരുണിനെ ആക്രമിച്ചത്. അരുണിനെ ആക്രമിക്കാൻ നേരത്തെ പല തവണ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇന്നലെ അരുൺ ബസിൽ ജോലിക്കെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിൽപ്പെട്ടവർ ബസിൽ നിന്ന് അരുണിനെ വലിച്ചിറക്കാൻ ശ്രമിച്ചു. ബസിന്റെ കമ്പിയിൽ മുറുകെ പിടിച്ച് പ്രതിരോധിക്കാൻ അരുൺ ശ്രമിച്ചു. ഇതിനിടെ സംഘത്തിലുൾപ്പെട്ട ഒരാൾ കർച്ചീഫിൽ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് അരുണിനെ വയറ്റിൽ കുത്തുകയായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അരുണിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം തമ്പാനൂർ എസ്.ഐ വി.എം. ശ്രീകുമാർ, ഷാഡോ പൊലീസ് അംഗങ്ങളായ ഹരിലാൽ, മനു, നിഥിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.