fire-1

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സ്‌കൂളിന് സമീപത്തെ ചവറുകൂനയ്ക്ക് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രധാന കവാടത്തിന് എതിർവശത്തായി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള നാലുനില ബിൽഡിംഗിന്റെ അടിവശത്ത് കൂട്ടിയിട്ടിരുന്ന ചവർ കൂനയിലാണ് തീ പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കട ഉടമ ഉടനെ തന്നെ വിവരം ഫയർഫോഴ്സിൽ അറിയിച്ചു. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ജനവാസകേന്ദ്രമായതിനാൽ തീ പടരുന്നതിന് മുൻപു തന്നെ കെടുത്താനായത് വൻ ദുരന്തം ഒഴിവാക്കി. മുകളിലെ നിലയിൽ വെൽഡിംഗ് പണി നടക്കുകയായിരുന്നു, ഇതിൽ നിന്ന് ഇളകി വീണ റാഡിൽ നിന്നാകാം തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ പി.അനിൽകുമാർ, ലീഡിംഗ് ഫയർമാൻ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണ​ച്ചത്.