ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. 2011ലെ ലോകകപ്പ് നേടിയ ടീമിൽ ഞാനുമുണ്ടായിരുന്നു. മുമ്പ് ലോകകപ്പ് കളിച്ചിട്ടും നേടാനാകാത്തതിന്റെ വേദനയെന്നും അന്നെനിക്ക് ഇല്ലായിരുന്നു. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലെ വിജയം സ്വാഭാവികമായി തോന്നി. പക്ഷേ, ടീമിലെ പല സീനിയേഴസിനും അത് വല്ലാത്ത അനുഭവമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വിജയമാണ് ലോകകപ്പിനേക്കാൾ വലുതായി തോന്നുന്നത്. ഇതെന്റെ മൂന്നാമത്തെ ആസ്ട്രേലിയൻ പര്യടനമായിരുന്നു. ഇവിടെ വിജയിക്കുക. പ്രയാസകരമാണെന്ന് എനിക്ക് അറിയാം.
വിരാട് കൊഹ്‌ലി
ഇന്ത്യൻ ക്യാപ്ടൻ
1983ലെ ലോകകപ്പ് നേട്ടം പോലെ പ്രാധാന്യമുള്ളതാണ് ഈ പരമ്പര വിജയവും. കാരണം ടെസ്റ്റാണ് ക്രിക്കറ്റിന്റെ യഥാർത്ഥ ഫോർമാറ്റ്. ടെസ്റ്റാണ് ഏറ്റവും കഠിനം. ഭൂതകാലം ചരിത്രമാണ്. ഭാവി അജ്ഞാതവും. 71 വർഷത്തിനു ശേഷം ഇന്ന് ഞങ്ങൾ ആസ്ട്രേലിയൻ മണ്ണിൽ പരമ്പര നേടിയിരിക്കുന്നു. ഈ വർത്തമാനകാലത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. ആസ്ട്രേലിയയെ അവരുടെ മണ്ണിൽ കീഴടക്കിയ ക്യാപ്ടൻ കൊഹ്‌ലിക്ക് ഞാൻ സല്യൂട്ട് ചെയ്യുന്നു.
രവി ശാസ്ത്രി
ഇന്ത്യൻ കോച്ച്.
സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്തത് ഇന്ത്യയുടെ കുഴപ്പം കൊണ്ടായിരുന്നില്ലല്ലോ? തങ്ങൾക്ക് കിട്ടിയ എതിരാളികളെ സുന്ദരമായി തോൽപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഞാനൊക്കെ കളിച്ച കാലത്തേതിനെക്കാൾ ഫിറ്റ്നസും നേതൃഗുണവുമുള്ള ടീമാണ് കൊഹ്‌ലിയുടേത്.
സുനിൽ ഗാവസ്കർ.
ഇന്ത്യൻ ക്രിക്കറ്റിന് വലിയ വെല്ലുവിളിയായിരുന്ന കൊടുമുടികളിലൊന്ന് കീഴടക്കിയതിന് കൊഹ്‌ലിക്കും ടീമിനും അഭിനന്ദനങ്ങൾ. ഗംഭീരമായ ബാറ്റിംഗും ബൗളിംഗും കൂട്ടായ്മയും ഈ വിജയം ശീലമാക്കുക.
-രാംനാഥ് കോവിന്ദ്
രാഷ്ട്രപതി.
ആസ്ട്രേലിയയിൽ ഒരു ചരിത്ര നേട്ടം. കൊഹ്‌ലിയും കൂട്ടുകാരും നടത്തിയ പോരാട്ടത്തിന് അർഹമായ പരമ്പര വിജയം.
നരേന്ദ്രമോദി,
പ്രധാനമന്ത്രി