വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറയ്ക്ക് സമീപം ചാരുപാറയിൽ മദ്യപൻമാർ അഴിഞ്ഞാടുന്നു. സന്ധ്യമയങ്ങിയാൽ വിജനമാകുന്ന ഇൗ മേഖല സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കൂട്ടമായി റബർതോട്ടത്തിൽ കയറി മദ്യപിച്ച ശേഷം ഗ്ലാസും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡിൽ വലിച്ചെറിയുന്നത് പതിവാണ്. മദ്യപൻമാരുടെ ശല്യം കാരണം സന്ധ്യമയങ്ങിയാൽ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. പകൽ സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്‌ത് അതിനുള്ളിലാണ് മദ്യപാനം. നാടൻ ചാരായത്തിന്റെ ഒഴുക്കുള്ള ഈ മേഖലയിൽ നിരവധി പേരെ മദ്യക്കടത്തിനിടയിൽ എക്സൈസും പൊലീസും ചേർന്ന് പിടികൂടിയിട്ടുണ്ട്. അനവധി തവണ മദ്യപൻമാരുടെ ശല്യത്തിനെതിരെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
സാമൂഹ്യവിരുദ്ധ ശല്യത്തിന് പുറമേ പേരയത്തുപാറ, ചാരുപാറ മേഖലയിൽ മാലിന്യനിക്ഷേപവും രൂക്ഷമാണ്. ഇറച്ചി മാലിന്യം ഉൾപ്പെടെയുള്ളവ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കാറുണ്ട്. മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികൾക്ക് തലവേദനയായിരിക്കുകയാണ്.