ജാമ്യ വ്യവസ്ഥ കടുപ്പം, നഷ്ടപരിഹാരത്തിന് റവന്യൂ റിക്കവറി
തിരുവനന്തപുരം: ഹർത്താലുകളിലും മറ്റു സംഘർഷങ്ങളിലും സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹർത്താലുകളുടെയും സംഘർഷങ്ങളുടെയും ഭാഗമായി സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചെന്നു തെളിഞ്ഞാൽ അഞ്ചുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാൻ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. സ്‌ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവർക്ക് ജീവപര്യന്തം വരെ തടവോ. 10 വർഷം വരെ തടവും പിഴയുമോ ലഭിക്കും. ബന്ദ്, വർഗീയ സംഘർഷങ്ങൾ. പ്രകടനം, റോഡ് ഉപരോധം എന്നിവയെല്ലാം ഓർഡിനൻസിന്റെ പരിധിയിൽ വരും.
കേരള പ്രിവൻഷൻ ഒഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പെയ്‌മെന്റ് ഒഫ് കോമ്പൻസേഷൻ- 2019 എന്ന പേരിലാണ് ഓർഡിനൻസ്. ഗവർണർ അംഗീകാരം നൽകുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിനു തുല്യമായ കുറ്റമായി കണ്ട് അക്രമത്തിന് നേതൃത്വം നൽകിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുമുതൽ നശിപ്പിക്കൽ തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും കേന്ദ്ര നിയമമുണ്ട്. സ്വകാര്യസ്വത്തുക്കളുടെ സംരക്ഷണത്തിന് അത്തരം നിയമം നിലവിലില്ല. സ്വകാര്യസ്വത്തുക്കൾ നശിപ്പിച്ച പ്രതികൾക്ക് പ്രോസിക്യൂഷന്റെ ഭാഗം കേട്ടശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ. സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗ്യാരന്റി നൽകുകയോ, തുക കോടതിയിൽ കെട്ടിവയ്ക്കുകയോ ചെയ്തെങ്കിലേ ജാമ്യം ലഭിക്കൂ. സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പ്രകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക. കുറ്റം തെളിഞ്ഞാൽ സ്വത്തുക്കൾക്കുള്ള നഷ്ടപരിഹാരം റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാനും വ്യവസ്ഥയുണ്ട്.
ഹർത്താൽ തടയാൻ
നിയമനിർമ്മാണം ഇല്ല
ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ രൂപമായ ഹർത്താലുകൾ തടയാൻ നിയമനിർമ്മാണം ആലോചനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി. ആഴ്ചയിൽ രണ്ടും മൂന്നും ഹർത്താലുകൾ പ്രഖ്യാപിക്കുന്നത് ജനദ്രോഹകരമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല- മുഖ്യമന്ത്രി പറഞ്ഞു.