തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമായി അവശേഷിക്കും.
സർക്കാരിനെ പിരിച്ചുവിട്ടാൽ ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു വരും. അതോടെ ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടമാവും. ആർ.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപമാണ് നടന്നത്. ഈ അക്രമങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം.
ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഏതെങ്കിലും ഒരു സർക്കാരിനെ പിരിച്ചുവിടണമെങ്കിൽ അത് ഉത്തർപ്രദേശ് സർക്കാരിനെയാവണം. വർഗീയ ധ്രുവീകരണമാണ് ആർ.എസ്.എസ് ലക്ഷ്യം. അത്തരം നീക്കങ്ങളെ അടിച്ചമർത്തണം. അക്കാര്യത്തിൽ സർക്കാർ കൈക്കൊള്ളുന്ന നിലപാട് ജനം അംഗീകരിക്കും. ബി.ജെ.പി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുന്ന സമീപനമാണ് കോൺഗ്രസിന്റേത്.
ശബരിമലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. സർക്കാർ വിശ്വാസികൾക്ക് എതിരെന്ന പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. അതിൽ സി.പി.എമ്മിന് ആശങ്കയില്ല. ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി കിട്ടും. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ എൽ.ഡി.എഫ് ശക്തമായ പ്രചാരണപരിപാടി സംഘടിപ്പിക്കും. ജനുവരി 17 ന് ചേരുന്ന ഇടതുമുന്നണി യോഗം ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
പേരാമ്പ്രയിൽ മുസ്ലിം പള്ളിക്ക് നേരെ സി.പി.എം ആക്രമണം നടത്തിയെന്ന ആരോപണം തെറ്റാണ്. പള്ളിയും ലീഗ് ഓഫീസും അടുത്തടുത്ത കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എല്ലാ പള്ളികളും ലീഗ് ഓഫീസാണെന്ന തെറ്രിദ്ധാരണ ലീഗിനുണ്ട്. ഒരു ആരാധനാലയത്തിന് നേരെയും സി.പി.എം അക്രമം കാട്ടില്ല.