mullapally

തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാനായി ഇടതുസർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിന് മുൻകാല പ്രാബല്യം നൽകിയാൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരായിരിക്കും കൂടുതലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
ഹർത്താലിന്റെയും ബന്തിന്റെയും രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവന്നത് സി.പി.എമ്മുകാരാണ്. നാശനഷ്ടം ഉണ്ടാക്കിയതിന്റെ റെക്കോഡും സി.പി.എമ്മിനാണ്. അവരുടെ പാത പിന്തുടർന്ന് ആർ.എസ്.എസും ബി.ജെ.പിയും അക്രമം നടത്തുകയാണ്.
ഹർത്താലിന് പേരാമ്പ്രയിലും കോഴിക്കോട് മിഠായി തെരുവിലും അക്രമം നടത്തിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലൂടെ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണെന്ന് ബോദ്ധ്യമായി. പേരാമ്പ്രയിൽ മസ്ജിദിനെതിരെ കല്ലെറിഞ്ഞവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശനശിക്ഷ നൽകണം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പേരാമ്പ്രയിലെ മസ്ജിദിന് കല്ലെറിഞ്ഞ കേസ് കെട്ടിച്ചമച്ചതാണെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ്.

കേരളത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. എങ്കിലും സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രഭരണം കൊണ്ടുവരണമെന്ന ബി.ജെ.പിയുടെ ആവശ്യം അംഗീകരിക്കാനാവില്ല. ജനം ബാലറ്റിലൂടെ സി.പി.എം സർക്കാരിന്റെ ചെയ്തികൾക്കുള്ള ചുട്ട മറുപടി നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.