തിരുവനന്തപുരം: അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ച രണ്ട് പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌‌തു. അടൂർ സ്വദേശി കൃഷ്ണൻ കുട്ടി, പന്തളം സ്വദേശി അമീർഖാൻ എന്നിവരാണ് പിടിയിലായത്. പരാതിയുമായി കുഞ്ഞിന്റെ അമ്മ തന്നെ പത്തനംതിട്ട ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടൂരിൽ ഭർത്താവ് ഉപേക്ഷിച്ച ഗർഭിണിയെ പ്രസവശേഷം നിയമവിധേയമല്ലാതെ കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി കൃഷ്ണൻകുട്ടിയും ഭാര്യയും അമീർഖാന്റെ ഒത്താശയാൽ സമീപിച്ചിരുന്നു. ഇതിനായി ഗർഭിണിയായ യുവതിയെ ദമ്പതികൾ വാടകവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രസവ സംബന്ധമായ ചെലവുകൾ ഉൾപ്പെടെ വഹിച്ചു കൊള്ളാമെന്നും കുഞ്ഞിനെ നൽകാമെന്നുമുള്ള വ്യവസ്ഥയിൽ നിയമവിരുദ്ധമായി കരാറിൽ ഏർപ്പെട്ടു. പ്രസവശേഷം ദമ്പതികളുടെ പേരിൽതന്നെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാൽ പ്രസവശേഷം അമ്മ കുഞ്ഞിനെ വിട്ടുനൽകാൻ തയ്യാറാകാതെ വന്നതോടെയാണ് സംഭവം പുറത്താകുന്നത്. തുടർന്ന് യുവതിയും കുഞ്ഞും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുകയും പത്തനംതിട്ട ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും നിയമവിരുദ്ധമായി ദത്തെടുക്കാൻ ശ്രമിച്ചവർക്കെതിരെ ബാല നീതി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതോടെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയെയും കുഞ്ഞിനെയും ഗവ. മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അനധികൃതമായി ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം 3 വർഷം വരെ കഠിനതടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ നിയമവിരുദ്ധമായി ദത്തെടുക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.