തിരുവനന്തപുരം: ബാങ്ക് ലയനത്തിന് അംഗ ബാങ്കുകളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ മാറ്റി കേവല ഭൂരിപക്ഷം മതിയെന്ന് സഹകരണ നിയമത്തിൽ ഭേദഗതി വരുത്തുന്നു. കേരള ബാങ്ക് രൂപീകരണത്തിനായി 14ൽ 13 ജില്ലാ ബാങ്കുകളെയും ലയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ നിയമത്തിലെ പതിനാലാം വകുപ്പിൽ ഭേദഗതി വരുത്തുന്നത്. ഇതിനായുള്ള ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ചായാൽ കാസർകോട്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി ജില്ലാ ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടില്ല. ഇവിടങ്ങളിൽ യു.ഡി.എഫിന്റെ എതിർപ്പ് മറികടന്ന് ഭൂരിപക്ഷം നേടുക പ്രയാസമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ ജില്ലകളെ മാറ്റി അനുമതിക്കായി റിസർവ് ബാങ്കിനെ സമീപിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ റിസർവ് ബാങ്ക് എതിർപ്പ് പ്രകടിപ്പിക്കാനുള്ള സാദ്ധ്യത കണ്ട് ഓർഡിനൻസ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്ന് നിയമഭേദഗതിയിലൂടെ തീരുമാനിച്ചാൽ മലപ്പുറം ഒഴികെയുള്ള 13 ജില്ലാബാങ്കുകളിലും അനുകൂല ഭൂരിപക്ഷം ലഭിക്കും. മലപ്പുറത്ത് ലീഗിന്റെ നിലപാട് നിർണായകമാകും.
റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ചാണ് രണ്ട് ബാങ്കുകളുടെ ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നിർബന്ധമുള്ളത്. ആർ.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്ന ഈ നിർദ്ദേശം മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവന്നത് അതിനാൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കേരള ബാങ്കിന് അനുമതി നല്കാൻ19 വ്യവസ്ഥകളാണ് റിസർവ് ബാങ്ക് മുന്നോട്ട് വച്ചത്. ഇതിൽ പൊതുയോഗത്തിലെ ഭൂരിപക്ഷം പാലിക്കണമെന്നും ലയനം സഹകരണ നിയമത്തിന്റെ ചുവടുപിടിച്ചാകണമെന്നുമുള്ള വ്യവസ്ഥകളൊഴികെ സർക്കാർ പാലിച്ചിട്ടുണ്ട്.