behra

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസങ്ങളിൽ കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും സ്വകാര്യ, പൊതു വാഹനങ്ങൾക്ക് കല്ലെറിയാനും ശ്രമിക്കുന്നവരെ ഉടനടി അറസ്​റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. അനിഷ്ടസംഭവങ്ങൾ തടയാൻ മുൻകരുതൽ സ്വീകരിക്കണം. അക്രമം കാട്ടുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കും. വ്യക്തികൾക്ക് എതിരായ ആക്രമണങ്ങളും വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുന്നതും പൊലീസ് തടയണം. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സഹായം നൽകണം.

ക്രമസമാധാന നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ റേഞ്ച് ഐ.ജിമാർക്കും സോണൽ എ.ഡി.ജി.പിക്കും നിർദ്ദേശം നൽകി. കോടതികൾ, കെ.എസ്.ഇ.ബി, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്നിവയ്ക്ക് സുരക്ഷ നൽകും. അവശ്യസർവീസുകൾ നടത്താൻ പൊലീസ് നടപടി സ്വീകരിക്കും. കെ.എസ്.ആർ.ടി.സിക്കും പൊതുഗതാഗത സംവിധാനങ്ങൾക്കും സുരക്ഷ നൽകും. നിർബന്ധിത ഹർത്താലായി മാറാതിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദ്ദേശങ്ങൾ.