chennithala

തിരുവനന്തപുരം: മിന്നൽ ഹർത്താലുകൾക്ക് വിലക്കേർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. ആഭ്യന്തര മന്ത്രിയായിരിക്കെ താൻ കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ല് പാസാക്കണം. ഹൈക്കോടതി പറയുന്ന ഇതേ ആവശ്യത്തിനാണ് ബിൽ കൊണ്ടുവന്നത്. മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകിയേ ഹർത്താൽ പ്രഖ്യാപിക്കാവൂ എന്നായിരുന്നു അതിലെ വ്യവസ്ഥ. ഇപ്പോൾ ഹൈക്കോടതി അത് ഏഴ് ദിവസമാക്കി. ബിൽ കരിനിയമം എന്നുപറഞ്ഞ് എതിർത്തത് ഇടതുമുന്നണിയായിരുന്നു. നിയമസഭയിൽ അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയമമാക്കാൻ കഴിഞ്ഞില്ല.
ഹർത്താലിന്റെ മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടു വരാനുള്ള മന്ത്രിസഭാ തീരുമാനം സി.പി.എമ്മിന്റെ വൈകി വന്ന വിവേകമാണ്. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിച്ച് അതിന്റെ മറവിൽ ഏറ്റവും കൂടുതൽ പൊതുസ്വത്തും സ്വകാര്യസ്വത്തും നശിപ്പിച്ചിട്ടുള്ളത് സി.പി.എമ്മാണ്. ഇപ്പോൾ ബി.ജെ.പിക്കാർ അതു ചെയ്യുന്നത് കണ്ടപ്പോഴാണ് സി.പി.എമ്മിന് യാഥാർത്ഥ്യം തിരിച്ചറിയാനായത്. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹർത്താലുകൾ പാടില്ലെന്നാണ് യു.ഡി.എഫ് നയം. അവസാന ആയുധമായണ് ഹർത്താൽ പ്രയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.