crime

നെടുമങ്ങാട് : ഗുണ്ടാപ്പകയുടെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കാച്ചാണി വളവിൽ വീട്ടിൽ എസ്. ഷജീർ (27), വിളപ്പിൽ പുളിയറക്കോണം കൂളുമല പ്രദീപ് ഭവനിൽ ടാർസൺ എന്നറിയപ്പെടുന്ന പി. പ്രശാന്ത് (31) എന്നിവരാണ് അറസ്റ്റിലായത്. കരിയം കല്ലുവിള സജി ഭവനിൽ കൊച്ചുമോൻ എന്നറിയപ്പെടുന്ന ജെ. ലിജീഷിനെ (36) കഴിഞ്ഞ 4ന് രാത്രി ഒമ്പതോടെ കാച്ചാണി പാൽ സൊസൈറ്റിക്ക് സമീപത്ത് വച്ച് ഇരുമ്പ് ആയുധങ്ങൾ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഷജീർ ഒന്നും പ്രശാന്ത് നാലും പ്രതികളാണ്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്.പി പി. അശോക് കുമാറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി അശോക്, അരുവിക്കര എസ്.എച്ച്.ഒ വി.എസ്. നിധീഷ്, എസ്.ഐ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.