തിരുവനന്തപുരം: കോട്ടപ്പുറം മുതൽ ​ കോഴിക്കോട് വരെയുള്ള ദേശീയ ജലപാതയുടെ ആദ്യഘട്ട പ്രവർത്തനം 2020ൽ പൂർത്തിയാക്കും. കൊല്ലം മുതൽ കോട്ടപ്പുറം വരെ ദേശീയ ജലപാതയായി അംഗീകരിച്ചു പ്രവർത്തനമാരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കോവളം മുതൽ കൊല്ലം വരെയുള്ള ഭാഗത്തെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ജലപാത വികസനത്തിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഇന്നലെ ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാരിന് സമർപ്പിക്കാൻ ഇൻലാന്റ് വാട്ടർവേയ്സ് അതോറി​ട്ടിയോട് നിർദ്ദേശിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണം നടത്താൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലം പുതുക്കി പണിയൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. തടസ്സങ്ങൾ നീക്കാനാവശ്യമായ ഇടപെടലുകൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോട്ടപ്പുറം- ​ കോഴിക്കോട് ജലപാതയുടെ പ്രവർത്തനങ്ങളുടെ രത്‌നച്ചുരുക്കം ഇൻലാന്റ് വാട്ടർവേയ്‌സ് അതോറി​ട്ടി ഒഫ് ഇന്ത്യ ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. ചരക്കുനീക്കമടക്കം യാഥാർത്ഥ്യമാകുന്ന തരത്തിലാണ് ദേശീയ ജലപാതയുടെ രൂപ കൽപ്പന. ഇതിനായി ബേപ്പൂരിൽ പ്രത്യേക ടെർമിനലും നിർമ്മിക്കും. ആദ്യഘട്ടത്തിൽ നിലവിലുള്ള ജലപാതയ്ക്ക് ആഴം കൂട്ടി തടസ്സങ്ങൾ നീക്കി സഞ്ചാര്യ യോഗ്യമാക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ ജലപാത വിപുലീകരണം നടപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.