കോട്ടയം: യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം അപഹരിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒരാൾ ഒളിവിൽ. മാന്നാർ കുട്ടമ്പേരൂർ കോണത്ത് വിട്ടിൽ അതുൽ (19), പരുമല മീനാഭവനിൽ ഭരത് (19) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ ഇലഞ്ഞിമേൽ ശരണ്യ ഭവനത്തിൽ ശരത്തിനെയാണ് (22) സംഘം തടഞ്ഞു നിറുത്തി ആക്രമിച്ചത്.
ഞായറാഴ്ച രാത്രി മാവേലിക്കര - കോഴഞ്ചേരി റോഡിൽ പുലിയൂർ വില്ലേജ് ഓഫീസിനു സമീപമാണ് സംഭവം. വാട്ടർ പ്യൂരിഫിക്കേഷൻ കമ്പനിയിലെ ടെക്‌നീഷ്യനായ ശരത് പേരിശ്ശേരിയിൽ നിന്ന് ജോലി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ബൈക്കുകളിൽ കാത്തുനിന്ന സംഘം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെത്തുടർന്ന് വടിവാൾ ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയും അപഹരിച്ചു.
മർദ്ദനമേറ്റ ശരത് പ്രാണരക്ഷാർത്ഥം ഓടി പുലിയൂർ വടക്കേമുക്കിൽ എത്തി. ഒട്ടോറിക്ഷാ ഡ്രൈവർ ശരത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി ഓടിച്ചശേഷം വീണ്ടും മർദ്ദിച്ചു. സംഘത്തിന്റെ പിടിയിൽ നിന്ന് കുതറിയോടി എസ്.ബി.ഐ എ.ടി എം കൗണ്ടറിനു സമീപം ഒളിച്ചിരുന്നാണ് ശരത് രക്ഷപെട്ടത്. സംഭവത്തെ തുടർന്ന് കൂടുതൽ ഓട്ടോറിക്ഷാ ഡ്രൈവർമാരെത്തിയാണ് പ്രതികളിൽ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏല്പിച്ചത്.പിന്നീട് സുഹൃത്ത് എത്തിയാണ് ശരത്തിനെ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്. ഇതിനു മുൻപും ഈ ഭാഗത്ത് സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.