കണ്ണൂർ: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്ക് മലബാർ മേഖലയിൽ പൂർണം. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞു. കടകമ്പോളങ്ങൾ വ്യാപകമായി അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സി സർവീസുകൾ ജീവനക്കാർ എത്താത്തതിനെ തുടർന്ന് പൂർണമായും മുടങ്ങി. സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളും പണിമുടക്കിൽ പങ്കാളികളായി. നിരത്തുകളിൽ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇറങ്ങിയത്. സർക്കാർ ഓഫീസുകളെയും സാരമായി ബാധിച്ചു.

ട്രെയിനുകൾ തടഞ്ഞതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കോഴിക്കോട് സ്റ്റേഷനിൽ ചെന്നൈ മെയിൽ സംയുക്ത തൊഴിലാളി യൂണിയൻ പ്രവർത്തകർ തടഞ്ഞു. അരമണിക്കൂറോളമാണ് സമരമുണ്ടായത്. എന്നാൽ ഈ ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ ഇവിടെയും സമരത്തെ തുടർന്ന് നിറുത്തിയിടേണ്ടിവന്നു. തലശേരി, പയ്യന്നൂർ, ചെറുവത്തൂർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലും വിവിധ ട്രെയിനുകൾ തടഞ്ഞു.