കൊച്ചി/കോഴിക്കോട്: കഴിഞ്ഞ ഹർത്താൽ ദിവസം സംഘർഷമുണ്ടായ കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ് വേയിലും ദേശീയ പണിമുടക്കിന്റെ ആദ്യദിവസമായ ഇന്ന് കടകൾ തുറന്നു . വ്യാപാരികൾ കടകൾ തുറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. മറ്റിടങ്ങളിലും ചില കടകൾ തുറക്കാൻ വ്യാപാരികൾ തയ്യാറായിട്ടുണ്ട്. ആയിരത്തോളം കടകളുള്ള മിഠായിത്തെരുവിൽ പത്തുമണി വരെ മുപ്പതിലേറെ കടകൾ തുറന്നു. നിർബന്ധമായി കടകൾ അടപ്പിക്കില്ലെന്ന് ട്രേഡ് യൂണിയനുകൾ നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ പുലർച്ചെ ഒരു സ്ഥാപനത്തിന് നേരെ കല്ലേറുണ്ടായി. കൊച്ചി ബ്രോഡ് വേയിൽ ഇന്ന് കടകൾ തുറന്നു. കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നും അദ്ദേഹം നേരിട്ടെത്തി പിന്തുണ അറിയിച്ചു. നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ല, ആവശ്യമെങ്കിൽ സംരക്ഷണം നൽകുമെന്നും കളക്ടർ പറഞ്ഞു.