train

വർക്കല: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വർക്കലയിൽ ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. അപൂർവം ചില കടകൾ മാത്രം തുറന്ന് പ്രവർത്തിച്ചു. ആട്ടോ, ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തിയില്ല. സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ രാവിലെ 10.15ന് ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ് ട്രെയിൻ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എഫ്.നഹാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വി.സത്യദേവൻ, സി.പി.എം ജില്ലാകമ്മിറ്റി അംഗം അഡ്വ. എസ്.ഷാജഹാൻ, ഏരിയാ സെക്രട്ടറി എസ്. രാജീവ്, കെ.എം. ലാജി, മടവൂർ അനിൽ, അഡ്വ. കെ.ആർ.ബിജു, ജെ. ശശാങ്കൻ, ഐ.എൻ.ടി.യു.സി നേതാവ് സുഗതൻ, എ.ഐ.ടി.യു.സി നേതാക്കളായ മനു ഷാജഹാൻ, മണിലാൽ, എസ്. ബാബു എന്നിവർ സംസാരിച്ചു. ട്രെയിൻ തടഞ്ഞ പ്രവർത്തകരെ ആർ.പി.എഫ് എസ്.ഐ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു നീക്കി. അര മണിക്കൂറിനു ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. അറസ്റ്റിനു ശേഷം വർക്കലയിൽ പ്രതിഷേധ പ്രകടനവും നടന്നു.