ബാലരാമപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്യാനം ചെയ്‌ത 48 മണിക്കൂർ പണിമുടക്ക് ബാലരാമപുരത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. തുറന്ന് പ്രവർത്തിച്ച കടകൾ യൂണിയൻ നേതാക്കൾ ഇടപെട്ട് അടപ്പിച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് പ്രകടനം നടത്തി. പണിമുടക്കിന് മുന്നോടിയായി ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കാൽ നടപ്രചരണജാഥകൾ സംഘടിപ്പിച്ചിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി. പോൾ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. മോഹനൻ. ഐ.എൻ.ടി.യു.സി നേതാവ് നന്നംകുഴി രാജൻ, എ.ഐ.ടി.യു.സി നേതാവും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ മോഹനൻ നായർ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കരാജൻ, സി.പി.എം നേതാവ് രാധാകൃഷ്‌ണൻ, ബ്ലോക്ക് മെമ്പർ എസ്. ജയചന്ദ്രൻ, വി.എസ്. വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. നൂറോളം തൊഴിലാളി പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.