pad

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനം ഒരുങ്ങുന്നു. ക്ഷേത്ര പരിസരത്ത് നടക്കുന്ന സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായാണ് തുളസീവനവും. ആദ്യ ഘട്ടമായി രണ്ടാഴ്ചയ്ക്കുള്ളിൽ ക്ഷേത്രത്തിനകത്ത് 1008 തുളസിച്ചെടികൾ നടും. പിന്നീട് നാലു നടകളിലും പരിസരത്തുമായി 10008 ചെടികൾ നടും. അടുത്ത വർഷത്തിനുള്ളിൽ ഒരു ലക്ഷം തുളസിച്ചെടികൾ നട്ടുവളർത്താനാണ് പരിപാടി. ഇതിനായി ചെടികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദീപം അടുത്ത ജനുവരിയിലാണ്. അതിന് മുമ്പ് ഒരു ലക്ഷം ചെടികളും നട്ടുവളർത്തും.

അഗ്രോ ഇൻ‌ഡസ്ട്രീസ് കോർപറേഷനെയാണ് 1008 തുളസിച്ചെടി നടുന്നതിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. ചെടികളുടെ പരിപാലന ചുമതല ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ അദ്ധ്യക്ഷനായി രൂപീകരിച്ച സൊസൈറ്രിക്കായിരിക്കും. ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കുന്ന ചുമതലയും ഈ സൊസൈറ്രിക്കാണ്. ക്ഷേത്രത്തിന്റെ ചുറ്രും ലാൻഡ് സ്കേപ്പിംഗും നടത്തുന്നുണ്ട്. ക്ഷേത്രത്തിനകത്ത് നട്ട ചെടികളെ ജീവനക്കാർ തന്നെ പരിപാലിക്കും. ക്ഷേത്രത്തിന് പുറത്ത് മിത്രാനന്ദപുരം കുളം പരിസരം, നമ്പി മഠം, തന്ത്രിമഠം, നാലു നടകൾ എന്നിവിടങ്ങളിലും ക്ഷേത്രത്തിന്റെ അധീനതയിലുള്ള മറ്ര് സ്ഥലങ്ങളിലുമായിരിക്കും ചെടി നടുക. മണ്ണുള്ളിടത്ത് മണ്ണിലും അല്ലാത്തിടത്ത് മൺചട്ടിയിലുമായിരിക്കും തുളസി വളർത്തുക. ഇതിനായി സ്പ്രീംഗ്ളർ, ഡ്രിപ്പ് ഇറിഗേഷൻ, പൈപ്പ് എന്നിവ സ്ഥാപിക്കും. ക്ഷേത്രത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള ഗോശാലയിൽ നിന്നും മറ്രുമുള്ള ജൈവ വളമാണ് ഇതിനായി ഉപയോഗിക്കുക. സി.സി ടി.വി നിരീക്ഷണവും ഉണ്ടാവും. നാലുവശത്തും ഉള്ള നടപ്പാതകൾക്കിരുവശവും ചെടികൾ നട്ടുപിടിപ്പിക്കും. ക്ഷേത്രം ജീവനക്കാരാണ് പദ്ധതി നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നതെങ്കിലും ഭക്തജനങ്ങളുടെയും സഹകരണത്തോടയാണ് നടപ്പാക്കുകയെന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ പറ‌ഞ്ഞു.