ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി ജംഗ്ഷനിൽ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ് അടൂർപ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഭരണം നിശ്ചലമാണെന്നും സർക്കാരിന് ഭരണത്തെക്കാൾ സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കുവാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശന വിഷയവുമായി ശബരിമല തീർത്ഥാടനത്തെ തകർത്ത സർക്കാർ ശിവഗിരി തീർത്ഥാടനത്തിന്റെ സമയത്ത് വനിതാ മതിൽ നടത്തി ശ്രീനാരായണീയരുടെ വിശ്വാസവും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബിരാജ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ അഡ്വ. വി.ജയകുമാർ, വി.എസ്. അജിത് കുമാർ,ഡി.സി.സി ജനറൻ സെക്രട്ടിറിമാരായ ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, വക്കം സുകുമാരൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഭദ്റൻപിളള, സെയ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു.