സിഡ്നി: ഓസ്ട്രേലിയയിലെ ആകാശത്തു പ്രത്യക്ഷപ്പെട്ട നൂറു കണക്കിനു കിലോമീറ്റർ നീളമുള്ള മേഘങ്ങളെക്കുറിച്ചാണ് ഇപ്പോൾ ശാസ്ത്രലോകം ചർച്ചചെയ്യുന്നത്. ശാസ്ത്രീയമായി ബന്ധമില്ലെങ്കിലും വേംഹോളിന്റെ രൂപത്തോട് സാദൃശ്യമുള്ളതുകൊണ്ടുതന്നെ ഇവയെ തത്കാലം ഗവേഷകർ വിളിക്കുന്നത് വേംഹോൾ മേഘങ്ങളെന്നാണ്. ഓസ്ട്രേലിയയുടെ ആകാശത്ത് ആയിരം കിലോമീറ്റർ നീളത്തിൽ വരെ ഈ മേഘങ്ങളെ കാണാം. എന്നാൽ, വടക്കു പടിഞ്ഞാറൻ ക്യൂൻസ് ലാൻഡിലുള്ള ഗൾഫ് ഒഫ് കാർപന്റേറിയ മേഖലയിൽ മാത്രമാണ് ഇവ രൂപം കൊള്ളുന്നത്. ലോകത്തു മറ്റെവിടെയും സമാനമായ ഒരു പ്രതിഭാസം കാണാൻ കിട്ടുകയുമില്ല. ഓസ്ട്രേലിയയിലെ ശിശിരകാലത്ത്, അതായത്, സെപ്തംബർ-നവംബർ മാസങ്ങളിലാണ് ഈ നീളൻമേഘങ്ങൾ പ്രത്യക്ഷപ്പെടുക.
പക്ഷേ, ഇവ എങ്ങനെ രൂപം കൊള്ളുന്നു എന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകാൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. മേഘങ്ങൾ രൂപപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ പ്രദേശത്തെ താപനില വല്ലാതെ താഴുകയും അന്തരീക്ഷ മർദം ഉയരുകയും കടൽകാറ്റിന്റെ വേഗത കൂടുകയും ചെയ്യും. ഇതുകൊണ്ട്തന്നെ മേഘങ്ങളുടെ രൂപപ്പെടൽ അന്തരീക്ഷത്തിലെ മാത്രം പ്രവർത്തനങ്ങളുടെ ഫലമല്ലെന്നാണ് നാസ പറയുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ ദൂരം ഇവ പിന്നിടും. ആദ്യം രൂപപ്പെടുന്ന മേഘങ്ങൾ ചുരുളുകളായി അകന്നു പോകുമ്പോഴേക്കും തൊട്ടു പിന്നിൽ അവയോട് ചേർന്ന് അടുത്ത മേഘവും ഇതേ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് നൂറു കണക്കിനു കിലോമീറ്ററുകൾ ദൂരത്തിൽ വേംഹോളിനെപ്പോലെ ഈ മേഘക്കൂട്ടം രൂപം കൊള്ളുന്നത്.