shajahan

കല്ലമ്പലം: ടാർസനെ അനുസ്മരിപ്പിക്കുന്ന വിധം വസ്ത്രം ധരിച്ചും, വല്ലപ്പോഴും കിട്ടുന്ന ഭക്ഷണം കഴിച്ചും കാണുന്നിടത്ത് അന്തിയുറങ്ങുന്ന മാനസിക വൈകല്യമുള്ള നാവായിക്കുളം സ്വദേശി ഷാജഹാൻ (48) ഒരു നാടിന് നൊമ്പരമാവുന്നു. നാവായിക്കുളം വള്ളിച്ചിറയിൽ പരേതരായ ഇബ്രാഹിം കുഞ്ഞിന്റെയും, സൈനം ബീവിയുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെയാളാണ് ഷാജഹാൻ. ജന്മനാ ബുദ്ധിമാന്ദ്യമുള്ള ഷാജഹാന് വിദഗ്ധ ചികിത്സ നൽകാൻ നിർദ്ധനരായ മാതാപിതാക്കൾക്ക് കഴിയാത്തതിനാൽ ഷാജഹാന്റെ ജീവിതം ഇരുളടഞ്ഞു. ബുദ്ധിമാന്ദ്യം ഉണ്ടായിരുന്ന സഹോദരങ്ങളിൽ ഒരാൾ നേരത്തെ മരണപ്പെട്ടു. വിവിധയിടങ്ങളിൽ താമസിക്കുന്ന നിർദ്ധനരായ മറ്റു സഹോദരങ്ങൾക്ക് നെടുവീർപ്പിടാനല്ലാതെ സഹായിക്കാൻ കഴിയുന്നില്ല. ശാന്തസ്വാഭാവക്കാരനായിരുന്ന ഷാജഹാൻ അടുത്തിടെയാണ് അക്രമാസക്തനാകാൻ തുടങ്ങിയത്. കുട്ടികളെ ആക്രമിക്കുക, ഇരുചക്രവാഹന യാത്രികരുടെ മുന്നിലേക്ക് ചാടുന്നതുപോലെ കാണിച്ച്‌ അവരെ അപകടപ്പെടുത്തുക, വിദ്യാർത്ഥികളെ ഭയപ്പെടുത്തുക തുടങ്ങിവയാണ് ഇയാളുടെ വികൃതികൾ. ആരെങ്കിലും തടുക്കാൻ ശ്രമിച്ചാൽ അവരെയും ഉപദ്രവിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഓടിമറയും. ഷാജഹാനെക്കുറിച്ച്‌ പരാതിപ്രവാഹമാണെങ്കിലും മാനസിക വൈകല്യമുള്ള ആളായതിനാൽ എല്ലാവരും ക്ഷമിക്കുകയാണ്. ആരുടേയും ഒരു സഹായവും ഇല്ലാതെ, ഒരു ജോലിയും ചെയ്യാതെ ജീവിക്കുന്ന ഷാജഹാന്റെ സംസാര ഭാഷയും ആർക്കും മനസിലാകില്ല. ആരോഗ്യവാനായ ഷാജഹാൻ കൊടും തണുപ്പിൽപോലും ഷർട്ടിടാറില്ല. ഇതുവരെ ഒരു അസുഖത്തിനും ആശുപത്രിയിൽ പോയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എവിടെയായാലും പുലർച്ചെ ഡീസന്റ്മുക്കിലെ സീനത്തിന്റെ ചായക്കടയിലെത്തുന്ന ഷാജഹാൻ സീനത്ത് നൽകുന്ന ചായയും പപ്പടവും കഴിച്ച്‌ എങ്ങോട്ടെന്നില്ലാതെ ഓടിമറയും. വിദഗ്ധ ചികിത്സ ലഭിച്ചാൽ സാധാരണ ജീവിതത്തിലേക്ക് ഷാജഹാനെ മടക്കി കൊണ്ടു വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.