parassala

പാറശാല : ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡിലേക്ക്. കർണാടക കോളാർ ക്ഷേത്രത്തിലെ 108 അടി ഉയരമുള്ള ശിവലിംഗത്തെക്കാൾ 3 അടി കൂടുതലുണ്ടിതിന്. അതിനാൽ ചെങ്കൽ ക്ഷേത്ര ശിവലിംഗം ഗിന്നസ് റെക്കാഡിൽ രേഖപ്പെടുത്തുമെന്ന് ഉറപ്പായി. ഉയരം ഉറപ്പുവരുത്താൻ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡിന്റെയും, ലിംക ബുക്ക് ഒഫ് റെക്കാഡിന്റെയും പ്രതിനിധികൾ വ്യാഴാഴ്ച ക്ഷേത്രത്തിൽ എത്തും.

2012 മാർച്ച് 23ന് ആരംഭിച്ച ശിവലിംഗ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഫെബ്രുവരി 20ന് ആരംഭിക്കുന്ന ഉത്സവത്തിന് മുൻപ് പണി പൂർത്തിയാക്കുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറയുന്നു. ഭാരതീയ വാസ്‌തു ശാസ്ത്ര നിയമങ്ങൾ അനുസരിച്ചും ക്ഷേത്ര നിർമ്മാണ വിധികൾ പ്രകാരവും നിർമ്മിച്ച ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കോണിലാണ് ശിവലംഗം. ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. പൂർണമായും ശിലകളും തടികളുംകൊണ്ട് നിർമ്മിച്ചതാണിത്. ശിവനും പാർവതിയും ഒരേ പീഠത്തിൽവാഴുന്ന ക്ഷേത്രം ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്തതാണ്. 12 ജ്യോതിർ ലിംഗങ്ങളുടെ പ്രതിഷ്ഠ, ഗണപതിയുടെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയോടുകൂടിയ മണ്ഡപം, 100008 കൊട്ടത്തേങ്ങയാൽ ഗണപതി ഹോമം നടത്തുന്ന ക്ഷേത്രം തുടങ്ങിയ പ്രത്യേകതകളുണ്ടിവിടെ. ശിവലിംഗം ഗിന്നസ് റെക്കാഡ് നേടുന്നത് ക്ഷേത്രത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കും