gg

നെയ്യാറ്റിൻകര: വേനലെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ ടൗണിലെ മലിനജലം ഒഴുകിയെത്തുന്നത് ആലുമ്മൂട്ടിലെ ഈഴക്കുളത്തിലേക്ക്. ഈ കുളം നവീകരിക്കാനുള്ള അധികൃതരുടെ പദ്ധതിയൊക്കെ പാളി.

ടൗണിന്റെ ഹൃദയഭാഗത്താണ് ആലുംമ്മൂട് വാർഡിലെ ഈ കുളം സ്ഥിതി ചെയ്യുന്നത്. ഈഴക്കുളത്തിന്റെ ദുർഗന്ധവും ഇവിടെ പെറ്റുപെരുന്ന കൊതുക്- എലി ശല്യവും സഹിച്ച് കഴിയുവാനാണ് പ്രദേശവാസികളുടെ വിധി. നെയ്യാറ്റിൻകര ടൗണിൽ പൊതുവേ താഴ്ന്ന പ്രദേശത്ത് ആലുമ്മൂട് ജംഗ്ഷന് താഴെ സ്ഥിതി ചെയ്യുന്ന ഈഴക്കുളത്തിലാണ് ടൗൺപ്രദേശത്തെ ഹോട്ടലുകളിലെയും വീടുകളിലെയും മലിനജലം വന്നു നിറയുന്നത്. വർഷങ്ങളായുള്ള അഴുക്ക് ജലം നിറഞ്ഞ് കിടക്കുന്ന കുളം ശുദ്ധീകരിക്കാൻ അധികൃതർ മെനക്കടാറില്ലെന്ന് സമീപവാസികൾ പറയുന്നു. മാത്രമല്ല കുളം നവീകരിച്ചാൽ പോലും താഴ്ന്ന പ്രദേശമായതിനാൽ വീണ്ടും ഓടയിലെ മലിന ജലം ഇങ്ങോട്ടേക്ക് തന്നെ ഒഴുകിയെത്തും. ടൗൺ പ്രദേശത്തെ മുഴുവൻ ഡ്രെയിനേജ് സംവിധാനവും അഴിച്ചു പണിതാൽ മാത്രമേ ഈഴക്കുളത്തേക്ക് മലിനജലം ഒഴുകിയെത്താതിരിക്കുകയുള്ളു. ഇത് പ്രായോഗികമല്ലത്രേ.

മന്തിനും പകർച്ചവ്യാധികൾക്കും കാരണം ഈഴക്കുളം

മന്ത് പൂർണമായും തുടച്ചുനീക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഈഴക്കുളം സ്ഥിതി ചെയ്യുന്ന ആലുമ്മൂട് വാർഡിൽ മാത്രം ഇരുപതോളം മന്ത് ബാധിത രോഗികളുണ്ട്. പാറശാല പ്രദേശത്ത് മുൻപ് ഉണ്ടായിരുന്ന ഫൈലേറിയ ക്ലിനിക് മന്തു രോഗികൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടി. എന്നാൽ ഈഴക്കുളം പരിസരത്ത് മന്ത് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും നെയ്യാറ്റിൻക്കര ജില്ലാ ആശുപത്രിയിൽ ഫൈലേറിയ ക്ളിനിക്ക് തുറന്നിട്ടുമില്ല.