government-medical-colleg

ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞ് അതിവേഗം വിട്ടുകൊടുക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറി യൂണിറ്റ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തിക്കാത്തതാണ് കാരണം. നിർമ്മാണത്തിലുണ്ടായ പാളിച്ചയാണ് പ്രവർത്തനം തുടങ്ങുന്നത് വൈകാൻ കാരണമെന്നാണ് ആക്ഷേപം. ഫ്രീസറുകളിലെ മലിനജലം പുറത്തേക്കൊഴുക്കാനുള്ള ഡ്രെയിനേജ് സംവിധാനത്തിലെ പാളിച്ചയും വെല്ലുവിളിയാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കേരളത്തിൽ ഏറ്റവുമധികം പോസ്റ്റ്മോർട്ടം നടക്കുന്നത് - പ്രതിവർഷം ശരാശരി നാലായിരത്തിലധികം. സംസ്ഥാന മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക് മെഡിസിൻ വിഭാഗമാണ് ഇവിടെ പോസ്റ്റ്മോർട്ടവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത്.

മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ തറനിരപ്പിന് താഴെയാണ് (ജി - 1) അത്യാധുനിക സംവിധാനമുള്ള പുതിയ മോർച്ചറി. ഇവിടത്തെ ഫ്രീസറുകളിൽ 48 മൃതദേഹം സൂക്ഷിക്കാം. അഴുകിയതുൾപ്പെടെ നാല് പോസ്റ്റ്മോർട്ടം ഒരേസമയം നടത്താനുള്ള ടേബിളുകളുമുണ്ട്. ഇതിലൂടെ സമയ നഷ്ടം ഒഴിവാക്കി മൃതദേഹം വേഗത്തിൽ വിട്ടുകൊടുക്കാമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. പക്ഷേ ഒന്നും നടന്നില്ല. പുതിയ കെട്ടിടത്തിലേക്ക് എന്ന് മാറ്റുമെന്ന കാര്യത്തിലും വ്യക്തതയില്ല.

ഇതോടെ പരാധീനതകൾക്ക് നടുവിൽ പഴയ മോർച്ചറിയിലെ ഫ്രീസറുകളും ടേബിളുകളിലുമാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. ഇവിടെ പോസ്റ്റ്മോർട്ടത്തിനായി ഒരു ടേബിളും, എ, ബി, സി എന്നീ മൂന്ന് ചേംബറുകളുമാണുള്ളത്. മൂന്ന് ചേംബറുകളിലുമായി 18 മൃതദേഹം സൂക്ഷിക്കാം. ശരാശരി 10 മൃതദേഹമാണ് ദിവസവുമെത്തുന്നത്. പത്തിൽ താഴെ അജ്ഞാത മൃതദേഹങ്ങളും, അഞ്ചിൽ താഴെ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മൃതദേഹങ്ങളുമാണ് സാധാരണ ഉണ്ടാവുക. എന്നാൽ കാലപ്പഴക്കം ചെന്ന ചേംബറുകൾ അടിക്കടി കേടാകുന്നതും തണുപ്പ് കുറയുന്നതും മൃതദേഹം അഴുകുന്നതിനും കാരണമാകുന്നു. ഇതുകാരണം നിരവധി സംഘർഷങ്ങളും വാഗ്വാദങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം ശാശ്വത പരിഹാരമാവുമായിരുന്ന അത്യാധുനിക മോർച്ചറിയാണ് അധികൃതരുടെ അലംഭാവത്തിൽ നോക്കുകുത്തിയായത്.

കമന്റ്

അപ്രോച്ച് റോഡിന്റെയും മോർച്ചറി യൂണിറ്റിന് മുന്നിലെ വഴിയുടെയും ഡ്രെയിനേജിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. മൃതദേഹം ഏറ്റുവാങ്ങാൻ എത്തുന്നവർക്കുള്ള വിശ്രമകേന്ദ്രവും ഒരുങ്ങുന്നുണ്ട്. എത്രയും പെട്ടെന്ന് പുതിയ യൂണിറ്റ് പ്രവർത്തന സജ്ജമാക്കും.

- ഡോ. എം.എസ്. ഷർമ്മദ്, ആശുപത്രി സൂപ്രണ്ട്