തിരുവനന്തപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമേർപ്പെടുത്തുമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ തള്ളിപ്പറഞ്ഞ് വി.എസ്. അച്യുതാനന്ദൻ രംഗത്തെത്തി. അഖിലേന്ത്യാതലത്തിൽ സാമ്പത്തികസംവരണത്തോട് സി.പി.എം തത്വത്തിൽ അനുകൂലമാണെങ്കിലും ഇപ്പോഴത്തെ കേന്ദ്രസർക്കാർ തീരുമാനത്തെ പാർട്ടി കേന്ദ്രനേതൃത്വവും തള്ളിപ്പറഞ്ഞിട്ടുണ്ട്..
സവർണ വോട്ടുകൾ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ആശയമാണിതെന്നും രാജ്യവ്യാപകമായി ചർച്ചചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും വി.എസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമർത്തപ്പെട്ടവർക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണംകൊണ്ടുതന്നെ സംവരണം എന്ന ആശയത്തിന്റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടതെന്ന് വ്യക്തമാണ്. സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയർന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായ ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്. കാരണം, സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഇതുപോലൊരു കാബിനറ്റ് തീരുമാനമുണ്ടായപ്പോൾ സി.പി.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിരുന്നു. ജാതി പിന്നാക്കാവസ്ഥപോലെ ശാശ്വതമായി നിലനില്ക്കുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥ. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരംതാഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നുകാട്ടപ്പെടണമെന്നും വി.എസ് പറഞ്ഞു.