kstp-road

തിരുവനന്തപുരം: ആറു വർഷം മുമ്പ് കെ. എസ്.ടി.പി തുടങ്ങിയ നാലു റോഡുകളുടെ നിർമ്മാണം ഒടുവിൽ പൂർത്തിയായി.

ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലായി 825 കോടി ചെലവിൽ നിർമിച്ച 169 കിലോമീറ്റർ റോഡുകളാണ് ഈ മാസം ഉദ്ഘാടനം ചെയ്യുന്നത്. നിർമാണ ചെലവിൽ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന ഗവൺമെന്റുമാണ് വഹിച്ചത്.

എം.സി റോഡിൽ 293.58 കോടി മുടക്കി 47 കിലോമീറ്ററുള്ള ചെങ്ങന്നൂർ-ഏറ്റുമാനൂർ റീച്ചും 171.49 കോടി മുടക്കി 45 കിലോമീറ്ററുള്ള ഏറ്റുമാനൂർ-മൂവാറ്റുപുഴ റീച്ചും ജനുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.133.05 കോടി ചെലവിൽ 27 കിലോമീറ്റർ ദൈർഘ്യമുള്ള കാസർകോട്-കാഞ്ഞങ്ങാട് റോഡും 227.13 കോടി മുടക്കിൽ 50 കിലോമീറ്റർ ദൈർഘ്യത്തിൽ പൂർത്തിയാക്കിയ പൊൻകുന്നം-തൊടുപുഴ റോഡും ഈ മാസം തന്നെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം നിർമാണം തുടങ്ങിയ കണ്ണൂർ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി റോഡ് കഴിഞ്ഞ മാസം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.118.9 കോടി ചെലവിലാണ് 28 കിലോമീറ്റർ റോഡ് നിർമിച്ചത്. 2013-ൽ തുടങ്ങിയ ഈ പദ്ധതികൾ പലവിധ കാരണങ്ങളാൽ ഇഴയുകയായിരുന്നു.

ഏറെ തിരക്കുള്ള തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ തിരുവല്ല ബൈപാസിനും ശാപമോക്ഷമാവുന്നു. പകുതിയോളം പണി പൂർത്തിയാക്കുകയും സ്ഥലത്തെ സംബന്ധിച്ച തർക്കം മൂലം മുടങ്ങുകയും ചെയ്ത 2.3 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് പ്രവൃത്തി റീടെണ്ടർ ചെയ്തു. 37 കോടിയാണ് പദ്ധതിചെലവ്. ഒമ്പത് മാസത്തിനകം നിർമാണം തീർക്കണം. ബംഗളുരു ആസ്ഥാനമായ ജി.എച്ച്.വി എന്ന സ്ഥാപനത്തിനാണ് കരാർ.

കരമന-കളിയിക്കാവിള

ദേശീയപാത രണ്ടാം റീച്ച്

ദേശീയപാതയിൽ കരമന-കളിയിക്കാവിള രണ്ടാം റീച്ചിന്റെ നിർമാണോദ്ഘാടനം ജനുവരി അവസാനവാരം മുഖ്യമന്ത്രി നിർവഹിക്കും.പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള അഞ്ചു കിലോമീറ്റർ പാതയ്ക്ക് സ്ഥലമെടുപ്പിന് 266.87 കോടി ചെലവായി. പാത നിർമാണത്തിന് 96 കോടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ.