നെടുമങ്ങാട് : മുച്ചക്ര ഉന്തുവണ്ടിയിൽ ചൂടാറാ പായസവുമായി നെടുമങ്ങാട്ടെ നിരത്തുകളിൽ സജീവമാണ് ഇപ്പോഴും ഐസ് മണിയണ്ണൻ. പ്രായം 80 ആയെങ്കിലും വഴിയോരങ്ങളിൽ പഴമയുടെ രുചി സാന്നിദ്ധ്യമായി മണിയണ്ണനുണ്ട്. അറുപത് വർഷമായി നെടുമങ്ങാട് താലൂക്കിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് മധുരം കിനിയുന്ന സാമീപ്യമാണ് ഇദ്ദേഹം. സൈക്കിൾ ചവിട്ടാനുള്ള ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ഐസ്ക്രീം കച്ചവടം നിറുത്തി. ദിവസവും രാവിലെ ആനാട് നിന്ന് ഉന്തുവണ്ടിയിൽ പായസം നിറച്ച് യാത്ര തുടങ്ങും. ചുറ്റിത്തിരിഞ്ഞ് നെടുമങ്ങാട് ടൗണിലെത്തുമ്പോൾ പായസം വിറ്റു തീരും. ദിവസവും അഞ്ഞൂറ് രൂപയുടെ കച്ചവടം നടക്കും.
മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് 17-ാം വയസിൽ കുടുംബ പ്രാരാബ്ദങ്ങൾ ചുമലിലേറ്റിയതാണ് ആനാട് നാഗച്ചേരി കിഴക്കുംകര പുത്തൻവീട്ടിൽ എം. മണി എന്ന നാട്ടുകാരുടെ ഐസ് മണിയണ്ണൻ.
ഇരുപത് വർഷം പായസം വിറ്റു ജീവിതം മുന്നോട്ടു നയിച്ചു. ഐസ്‌ക്രീമിന് പ്രിയമേറിയതോടെ സ്വന്തമായി ഐസുണ്ടാക്കി സ്കൂൾ പരിസരങ്ങളിൽ എത്തിച്ചു. വാഹനമെത്താത്ത ബ്രൈമൂർ, പൊന്മുടി മലഞ്ചെരുവിലും ആദിവാസി സങ്കേതങ്ങളിലുമെല്ലാം മധുര സാമിപ്യമായി.
ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബത്തെ ഒരു കരയ്‌ക്കെത്തിച്ചത് പായസ വില്പന നടത്തിയാണ്. മണിയണ്ണന്റെ മകൻ ബൈജുവിന് 55 വയസുണ്ട്. നെടുമങ്ങാട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. മകൾ മഞ്ജുഷയുടെ രണ്ടു പെൺ മക്കളും ഗൾഫിൽ ജോലി നോക്കുന്നു.