janram

തിരുവനന്തപുരം : റോഡുകൾ മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ പി.ഡബ്ളിയു.ഡിയുടെ അനുമതി കാത്തുകിടക്കുന്ന ജൻറം കുടിവെള്ള പദ്ധതി വേഗത്തിലാക്കാൻ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച യോഗം ചേരും. പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ പി.ഡബ്ളിയു.ഡിയുടെ സഹകരണം ആവശ്യപ്പെട്ട് മേയർ വി.കെ. പ്രശാന്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്തിടെ ആരംഭിച്ചെങ്കിലും റോഡ് കട്ടിംഗിനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിറുത്തിവയ്ക്കുകയായിരുന്നു. ഏഴ് സ്ഥലങ്ങളിലാണ് കട്ടിംഗ് അനുമതി ലഭിക്കേണ്ടത്. ഇതിനിടെ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വാട്ടർ അതോറിട്ടി മാറ്റിയതും പദ്ധതി നിലയ്ക്കുമോ എന്ന് ആശങ്കയ്ക്കിടയാക്കി.

പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം മേയറുടെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പി.ഡബ്ളിയു.ഡിയുടെ അനുമതി ലഭിച്ചാൽ മാർച്ചോടെ പദ്ധതി പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിട്ടി എം.ഡി കൗശികൻ വ്യക്തമാക്കി.

മുട്ടത്തറ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ പരിപാലനത്തിന് സന്നദ്ധത അറിയിച്ച് നാല് കമ്പനികൾ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.

 പണികൾ പാതിവഴിയിൽ

വിവിധ വാർഡുകളിലായി 200 കിലോമീറ്ററോളം ദൂരം പൈപ്പിടാനും 300 കിലോമീറ്റർ പൈപ്പ് ലൈനുകൾ പൂർത്തിയാക്കി കമ്മിഷൻ ചെയ്യേണ്ട ജോലികളുമാണ് അവശേഷിക്കുന്നത്. ഇതിനായി നഗരസഭ 45 കോടിയും സർക്കാർ 21 കോടിയും വാട്ടർ അതോറിട്ടിക്ക് നൽകിയിട്ടുണ്ട്. കേരളാദിത്യപുരം - മണ്ണന്തല റോഡ്, ഗാന്ധിപുരം - പുല്ലാന്നിവിള, കരിയം - പോത്തൻകോട്, സ്റ്റേഷൻകടവ്- കഴക്കൂട്ടം, കൈമനം - മാടവന, പാപ്പനംകോട് - പാമാംകോട് എന്നിവിടങ്ങളിലാണ് റോഡ് കട്ടിംഗിനുള്ള അനുമതി ലഭിക്കേണ്ടത്.