parassala

പാറശാല: ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ പണിമുടക്കിനെ തുടർന്ന് പബ്ലിക് മാർക്കറ്റ് അടച്ച് പൂട്ടിയത് കാരണം മത്സ്യക്കച്ചവടക്കാർ ദേശീയപാതയോരത്ത് വിപണനം നടത്തി. ചെങ്കൽ ഗ്രാമപഞ്ചായത്തിന് സമീപം ഉദിയൻകുളങ്ങരയിലെ മാർക്കറ്റിന്റെ ഗേറ്റാണ് സമരാനുകൂലികളായ യൂണിയൻ പ്രവർത്തകർ അടച്ച് പൂട്ടിയത്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇവിടെ പ്രധാനമായും മാർക്കറ്റ് പ്രവർത്തിക്കാറുള്ളത്. പണിമുടക്കിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നു എത്തുന്ന പച്ചക്കറി വാഹനങ്ങൾ ഇന്നലെ എത്തിയിരുന്നില്ലെങ്കിലും ചെറുകിട കച്ചവടക്കാരും മത്സ്യ തൊഴിലാളികളും പതിവ് പോലെ തന്നെ തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തി. മാർക്കറ്റിന്റെ ഗേറ്റ് അടച്ച് പൂട്ടിയ സമരാനുകൂലികൾ ഗേറ്റിൽ പണിമുടക്കിന്റെ ബോർഡും കൊടികളും സ്ഥാപിച്ചിരുന്നു. മറ്റൊരു വഴിയും കണ്ടെത്താനാകാതെ മത്സ്യത്തൊഴിലാളികൾ മാർക്കറ്റിന് മുന്നിൽ ദേശീയപാതയുടെ വക്കിൽ വിപണനം നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നു എത്തിയ നൂറോളം സ്ത്രീകൾ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികളാണ് വിപണനത്തിൽ ഒത്തുകൂടിയത്. ചില ചെറുകിട പച്ചക്കറി കച്ചവടക്കാരും കൂടി ചേർന്നതോടെ ചന്തക്കരം നൽകാതെ തന്നെ വിപണനം പൊടിപൊടിച്ചു.