കല്ലറ: 'രാമശ്വരത്തെ ക്ഷൗരം പോലെ ' എന്ന ചൊല്ല് ഒാർമ്മിപ്പിക്കും വിധമാണ് കോടികൾ മുടക്കി നിർമ്മിക്കുന്ന കാരേറ്റ് -പാലോട് റോഡിന്റെ ഗതി. ഒരിടത്ത് പണികൾ തുടങ്ങി പൂർത്തിയാകും മുൻപ് നിർത്തിവച്ച് മറ്റൊരിടത്ത് തുടങ്ങും. പിന്നെ അതുപേക്ഷിച്ച് മറ്റൊരിടത്ത്. കാരേറ്റിനും പാലോടിനും ഇടയിൽ ഒരു ഡസനോളം സ്ഥലങ്ങളിൽ പണികൾ പതിവഴിയിൽ നിന്നു, വ്യാപാരികൾക്ക് വൻ നഷ്ടവും യാത്രക്കാർക്ക് യാത്ര ദുരിതവുമാണ് ഫലം. കല്ലറ ടൗണിനുള്ളിലാണ് ഇപ്പോൾ ജോലികൾ നടക്കുന്നത്. ഭരതന്നൂർ ജംഗഷനിൽ നടന്ന ജോലികൾ നിർത്തി വച്ചാണ് ഇവിടെ തുടങ്ങിയത്.
റോഡിൽ കലുങ്കിന് വേണ്ടി നിർമ്മിച്ച സ്ളാബുകളുടെ വശങ്ങളിൽ ഉയർന്ന് നിൽക്കുന്ന കമ്പികൾ യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. കണ്ണ് തെറ്റിയാൽ കുഴികളിൽ വീണ് കമ്പികൾ കുത്തിക്കയറും. ഭതന്നൂർ ജംഗ്ഷനിൽ ഒന്നര മാസം മുൻപ് ആരംഭിച്ച ഒാട നിർമ്മാണം നിലച്ചത് വ്യാപാരികളെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. റോഡിന്റെ ഒരു വശത്ത് മാത്രമാണ് ഇവിടെ പണികൾ നടന്നത്.
ജംഗ്ഷനിൽ കടകൾക്ക് മുന്നിൽ മൺകൂനകളാണ്. കാറ്റടിക്കുകയോ വാഹനങ്ങൾ കടന്നുപോവുകയോ ചെയ്യുമ്പോൾ കടയ്ക്കുള്ളിൽ പൊടികൾ നിറയും ഇത് കാരണം സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പാതിയായി ചുരുക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. 32 കോടി രൂപ ചെലവിട്ട് അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കാരേറ്റ് -പാലോട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണമാണ് ഇഴയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണം. പണികൾ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. അങ്ങിങ്ങ് നിർമ്മിച്ച ഒാടകളിൽ വെള്ളം നിറഞ്ഞു കൊതുകുകൾ പെരുകാൻ തുടങ്ങി. ഇതുവഴിയുള്ള ഗതാഗതവും ദുഷ്കരമായി. 2018 ഡിസംബർ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പണം തട്ടാനാണ് കരാറുകാരൻ ജോലികൾ അകാരണമായി വലിച്ച് നീട്ടുന്നത് എന്ന ആരോപണവുമുണ്ട്.