തിരുവനന്തപുരം: സസ്പെൻഷൻ അടക്കമുള്ള ശിക്ഷാനടപടികൾ പൊലീസുദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് തടസമാകാതെ കാക്കുന്ന കേരള പൊലീസ് ആക്ടിലെ വ്യവസ്ഥ നീക്കി ഓർഡിനൻസ് ആകുന്നതോടെ ശിക്ഷാനടപടികൾ നേരിട്ട പൊലീസുദ്യോഗസ്ഥർക്ക് ഇനി സ്ഥാനക്കയറ്റം എളുപ്പമാകില്ല. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിന്റെ ശുപാർശ പ്രകാരം ഇന്നലെ ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തു.

ഇതോടെ പൊലീസുദ്യോഗസ്ഥർക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണം കൈവരും.

പൊലീസ് ആക്ടിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് എടുത്തു കളഞ്ഞാണ് ഓർഡിനൻസ്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രൊമോഷന് സമാനമായി കേരള സർവീസ് റൂൾസ് (കെ.എസ്.ആർ) പ്രകാരമുള്ള കേരള പൊലീസ് ആക്ടിലെ സെക്‌ഷൻ 101 (4) പ്രകാരമായിരിക്കും ഇനി സ്ഥാനക്കയറ്റവും ഗ്രേഡും അടക്കമുള്ളവയ്ക്കു പരിഗണിക്കുക. ഇതുപ്രകാരം ശിക്ഷാനടപടി നേരിട്ട പൊലീസുദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിൽ പി.എസ്.സി അംഗം അദ്ധ്യക്ഷനും ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർ അംഗങ്ങളുമായ വകുപ്പുതല പ്രൊമോഷൻ സമിതി പരിശോധിച്ചശേഷമാകും തീരുമാനമെടുക്കുക.
സസ്‌പെൻഷൻ, പിഴ, സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കൽ, ജോലിയും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം നൽകൽ, ഡ്രില്ലും കായിക പരിശീലനവും, താക്കീത്, ശാസന, സഞ്ചിത ഫലത്തോടെയും അല്ലാതെയുമുള്ള ഇൻക്രിമെന്റ് തടയൽ അടക്കമുള്ള ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസുദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമാണ് സമിതി പരിശോധിക്കുക. ഇത്തരം ശിക്ഷാനടപടികൾ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 101 (6) ഭേദഗതി 2011ലാണ് കൊണ്ടുവന്നത്.
കടുത്ത ശിക്ഷാ നടപടി നേരിടുന്ന പൊലീസുദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞാൽ ഈ വകുപ്പ് ചൂണ്ടിക്കാട്ടി കോടതിയിൽ നിന്ന് സ്ഥാനക്കയറ്റ ഉത്തരവ് കൈപ്പറ്റിയെത്തുകയായിരുന്നു പതിവ്.
നിയമപരവും സാങ്കേതികവുമായ ഇത്തരം നടപടിക്രമങ്ങൾ മറികടക്കുന്നതിനാണ് പുതിയ ഓർഡിനൻസ് കൊണ്ടു വന്നത്.

മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പാക്കാമെന്നാണു മന്ത്രിസഭായോഗത്തിന്റെ കുറിപ്പിൽ പറയുന്നത്. എന്നാൽ, എന്നു മുതൽ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നത് ഗവർണറുടെ അംഗീകാരം ലഭിച്ചശേഷം പുറത്തിറക്കുന്ന ഓർഡിനൻസിലേ വ്യക്തമാകൂ.