തിരുവനന്തപുരം: കഷ്ടകാലത്തിൽ കോടികൾ കൊയ്‌ത് കെ.എസ്.ആർ.ടി.സി റെക്കാഡിട്ടു. ജനുവരി ഏഴിന് ചരിത്രത്തിലെ ഏറ്റവും വലിയ കളക്‌ഷനായ 8,54,77,240 രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 19ന് നേടിയ 8,50,68,777 രൂപയായിരുന്നു മുൻ റെക്കാഡ്. ബസ് മുടക്കവും കണ്ടക്‌ടർമാരുടെ ദൗർലഭ്യവും സർവീസുകൾ വെട്ടിക്കുറച്ച ദിവസങ്ങളിലാണ് നേട്ടമുണ്ടായത്.
സ്വകാര്യബസുകൾ പണിമുടക്കിയപ്പോഴാണ് 2018 ഫെബ്രുവരി 19ന് 8,50,68,777 നേടിയത്. അന്ന് 5,558 ബസുകൾ 18,50,000 കിലോമീറ്റർ സർവീസ് നടത്തിയിരുന്നു. ഡ്രൈവർമാരും കണ്ടക്ടർമാരുമായി 19,000 പേർ ജോലിക്കുമെത്തി. കഴിഞ്ഞ തിങ്കളാഴ്‌ച 5072 ബസുകൾ 17,00,000 കിലോമീറ്ററാണ് സർവീസ് നടത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരുമായി 16,450 ജീവനക്കാരും ജോലിക്കെത്തി.
എംപാനൽ കണ്ടക്‌ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് സർവീസ് മുടക്കം തുടർക്കഥയാണ്. എന്നാൽ കളക്‌ഷനിൽ കുറയാത്തത് മാനേജ്മെന്റിന് ആശ്വാസമാകുന്നുണ്ട്. റൂട്ടുകൾ പുനഃക്രമീകരിച്ചതാണ് റെക്കാഡ് കളക്‌ഷൻ നേടാൻ സഹായിച്ചത്.