തിരുവനന്തപുരം: ഹർത്താലിലും മറ്റു സംഘർഷങ്ങളിലും സ്വകാര്യസ്വത്ത് നശിപ്പിക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷവരെ നൽകാനുള്ള 'കേരള പ്രിവൻഷൻ ഒഫ് ഡാമേജ് ടു പ്രൈവ​റ്റ്‌ പ്രോപ്പർട്ടി ആന്റ് പെയ്‌മെന്റ് ഒഫ്‌ കോമ്പൻസേഷൻ-2019' അടക്കം നാല് ഓർഡിനൻസുകളിൽ ഗവർണർ പി.സദാശിവം ഒപ്പിട്ടു. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തിരുന്നു.

ഇന്നലെ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് രാജ്ഭവനിലെത്തി ഗവർണറുടെ സംശയങ്ങൾക്ക് വിശദീകരണം നൽകിയതോടെയാണ് ഒപ്പുവച്ചത്.

പൊതുമുതൽ നശിപ്പിക്കൽ തടയാനും നഷ്ടപരിഹാരത്തിനും കേന്ദ്രനിയമമില്ലേ എന്നതായിരുന്നു പ്രധാന സംശയം. കേന്ദ്രനിയമത്തിന് എതിരല്ല ഓർഡിനൻസെന്നും ഹർത്താലുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി സ്വകാര്യമുതലുകൾ നശിപ്പിക്കുന്നത് തടയാനുദ്ദേശിച്ചാണെന്നും നിയമസെക്രട്ടറി വിശദീകരിച്ചു.

കേരളാബാങ്ക് രൂപീകരണത്തിനായി ജില്ലാബാങ്കുകളെ ലയിപ്പിക്കാൻ ബാങ്ക്സമിതികളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥയ്ക്ക് പകരം കേവലഭൂരിപക്ഷം മതിയെന്ന് സഹകരണ നിയമത്തിൽ ഭേദഗതി വരുത്തിയ ഓർഡിനൻസിലും ഒപ്പിട്ടു.

ശിക്ഷണനടപടികൾക്ക് വിധേയരായ പൊലീസുകാർക്ക് സ്ഥാനക്കയറ്റം വിലക്കുന്ന പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസിലും 'പ്രവാസി ഡിവിഡന്റ് പദ്ധതി ' നടപ്പാക്കാൻ പ്രവാസി കേരള ക്ഷേമ ആക്ടിൽ ഭേദഗതി വരുത്താനുള്ള ഓർഡിനൻസിലും ഗവർണർ ഒപ്പുവച്ചു.